ന്യൂ ഡൽഹി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ടിടങ്ങളിലും പ്രവചിക്കാനാവാത്ത രീതിയിൽ ഫലം മാറിവരുന്നു. ഫലം വന്ന് 9.45 ആവുമ്പോൾ ഹരിയാനയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. ഹരിയാനയിൽ കോൺഗ്രസ് 40, ബിജെപി 43, മറ്റുള്ളവ-7 എന്നിങ്ങനെയാണ് ലീഡ്. നേരത്തെ, കോൺഗ്രസ് മുന്നിലായിരുന്നപ്പോൾ എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ലീഡ് മാറിമറിയുന്നതിനിടയിൽ കോൺഗ്രസ്സ് ആസ്ഥാനത്ത് ആശങ്കയുടെ നിഴൽ പടരുകയാണ്. എഐസിസിയിലെ ആഘോഷം നിർത്തി വെച്ചു.
കശ്മീരിലേയും ഹരിയാനയിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജമ്മുകശ്മീരിലേക്ക് ഉറ്റു നോക്കുകയാണ് രാജ്യം. കശ്മീരിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യഫലങ്ങളിൽ കോൺഗ്രസ്-എൻസി സഖ്യം മുന്നിട്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവിൽ കാണുന്നത്. കശ്മീരിൽ സ്വതന്ത്രരുമായി കോൺഗ്രസ് ചർച്ച നടത്തുന്നതിനിടെ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും സ്വാഗതമെന്ന് ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചു.
ആരുമായും അകൽച്ചയില്ലെന്നും പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേസമയം, മെഹബൂബയുടെ മകൾ ഇൽത്തി ജ പിന്നിലാണ്. നിലവിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുള്ള മുന്നിലാണ്. പുൽവാമയിൽ ജമാ അത്തെ ഇസ്ലാമി നേതാവ് തലത്ത് മജീദ് ഏറെ പിന്നിലാണ്. സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി 448 വോട്ടിനും മുന്നിലാണ്.