കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കാണാന്‍ സിനിമാ താരങ്ങളെ ആഡംബര ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്ന സംശയത്താല്‍ സൗത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തു വരുകയായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഹോട്ടല്‍ മുറിയിലെത്തിയ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരെ ഇന്ന് പോലീസ് ചോദ്യം ചെയ്‌തേക്കും.
ബിനു ജോസഫിന് കുപ്രസിദ്ധ ഗുണ്ട ഭായി നസീറുമായി ബന്ധമുണ്ടെന്നും സൂചനയുണ്ടായിരുന്നു. ഇയാള്‍ മുമ്പും ലഹരി കേസില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. താരങ്ങളേയടക്കം മറ്റ് പലരേയും ബിനു ജോസഫിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ മുറിയിലെത്തിച്ചതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഓംപ്രകാശും സംഘവും ഹോട്ടലില്‍ മൂന്ന് മുറികളെടുത്തത്. 1.5 ലക്ഷത്തോളം രൂപയാണ് വാടകയായി നല്‍കിയിട്ടുണ്ടായിരുന്നത്. വിദേശത്തുനിന്ന് ലഹരി എത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളിലെ ഡി.ജെ. പാര്‍ട്ടികളില്‍ വിതരണം ചെയ്തുവരുകയായിരുന്നു ഓംപ്രകാശും സംഘവും. ഇവര്‍ ബുക്ക് ചെയ്ത മുറിയിലും അടുത്തുള്ള രണ്ട് മുറികളിലും പോലീസ് വിശദ പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നാണ് താരങ്ങളുടെ അടക്കം ദൃശ്യങ്ങള്‍ ലഭിച്ചത്.
ശനിയാഴ്ച രാത്രിയോടെയാണ് പുറത്തുനിന്നുള്ളവര്‍ ഈ മുറികളിലെത്തിയത്. സന്ദര്‍ശകരായി എത്തിയവരില്‍ പലരും പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. ഇത്രയും തുക മുടക്കി ലഹരിപ്പാര്‍ട്ടി നടത്തിയ സാഹചര്യത്തില്‍ വന്‍തോതില്‍ ലഹരി ഇടപാട് നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
അതേസമയം ഹോട്ടലിലെ മുറിയിലെത്തിയ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യുമെന്ന് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി ഡി.സി.പി. കെ.എസ്. സുദര്‍ശന്‍ പറഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് പരമാവധി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഓംപ്രകാശിന്റെയും ഷിഹാസിന്റെയും രക്തം, മൂത്രം, നഖം, മുടി എന്നിവയും ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ഇവര്‍ ആരൊക്കെയുമായി ബന്ധപ്പെട്ടുവെന്നത് പരിശോധിക്കുമെന്നും ഡി.സി.പി. പറഞ്ഞു.