മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം നൽകണമെന്ന ഉത്തരവിൽ നടപടി. സംഭവത്തിൽ അഡ്മിനിസ്ട്രേറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ നിന്നും മാറ്റി. ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാറിനാണ് അഡ്മിനിസ്ട്രേറ്റ് വിഭാഗത്തിന്റെ അധികചുമതല.
കൃത്യസമയത്ത് ശമ്പളം കിട്ടാതെ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത വേതനം പിടിക്കാനുള്ള തീരുമാനം മാതൃഭൂമി ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെയാണ് നടപടി. ശമ്പളം നൽകിയതിന് തൊട്ടുപിന്നാലെ അതേ ദിവസം ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന ഉത്തരവിറക്കിയതിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.