സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപകരെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ കുരുക്കി പാഠ്യപദ്ധതി വിവരങ്ങൾ ശേഖരിച്ചു. അധ്യാപകരുടെ കൂട്ടായ്മകൾ പഠനവിഷയങ്ങൾ പങ്കിടാൻ ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാക്കാറുണ്ട്. ആ രീതിയിലുള്ളതെന്ന് തെറ്റിദ്ധരിച്ച് അധ്യാപകർ കൂട്ടമായി ഇതിൽ ചേരുകയായിരുന്നു.
പൊതുവിദ്യാഭ്യാസ പഠനചർച്ചകൾ രഹസ്യമല്ലെങ്കിലും അധ്യാപകലോകത്തിന് പുറത്തുള്ളവർ ഇത്തരം ഗ്രൂപ്പുണ്ടാക്കിയതാണ് ദുരുഹമായത്. ഒരു യുട്യൂബ് ചാനലിൽ വന്നതിന്റെ പകർപ്പായിരുന്നു ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ എന്ന വിവാദത്തെതുടർന്ന് ഗ്രൂപ്പുകൾ ശുദ്ധീകരിക്കാൻ നടത്തിയ ശ്രമത്തിലാണ് വാട്സാപ്പ് കെണി പൊളിഞ്ഞത്. അഡ്മിനെപ്പറ്റി അന്വേഷിച്ചപ്പോൾ പൊതുവിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത ഒരു സ്വകാര്യ അക്കൗണ്ട് ആണ് ഇതെന്ന് കണ്ടെത്തി.
എൽ.പി. മുതൽ ഹയർസെക്കൻഡറിവരെയുള്ള എല്ലാ ക്ലാസുകളിലും ഈ അക്കൗണ്ട് ഹോൾഡർ ഗ്രൂപ്പ് തുടങ്ങിയിരുന്നു. പരിചയക്കാരായ ചില അധ്യാപകരെ ആദ്യം ചേർത്തശേഷം അവർ മറ്റുള്ളവരെ ചേർത്തതോടെ ഗ്രൂപ്പ് വിപുലപ്പെടുകയായിരുന്നു. നൂറുകണക്കിന് അധ്യാപകർ ഇവയിൽ അംഗങ്ങളായി.ഓണപ്പരീക്ഷാ വിവാദമുണ്ടായപ്പോൾ ബി.ആർ.സി.കളിലെ ട്രെയിനർമാരും മുതിർന്ന അധ്യാപകരും ഗ്രൂപ്പുകളുടെ അഡ്മിൻമാരോട് മറുപടി ആവശ്യപ്പെട്ടു. പ്രതികരിക്കാതെ വന്നതോടെ ഫോൺ വിളിച്ചു. ഫോൺ എടുത്തില്ല. നേരിൽ കാണാൻ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ അഡ്മിൻ ഗ്രൂപ്പിൽവന്ന് താൻ ട്യൂഷൻ ടീച്ചറാണെന്നും വിഷയങ്ങൾ പഠിക്കാൻ ഗ്രൂപ്പുകൾ ഉണ്ടാക്കിയതാണെന്നും വിശദമാക്കി.
എല്ലാ ക്ലസ്റ്റർ യോഗത്തിനുമുമ്പും വിവരങ്ങൾ പങ്കിടാൻ ഗ്രൂപ്പിൽ അഡ്മിൻ ആവശ്യപ്പെട്ടിരുന്നു. ടീച്ചിങ് മൊഡ്യൂളും ഈ ഗ്രൂപ്പുകളിൽ വ്യാപകമായി പങ്കിട്ടിരുന്നു. വിവിധ വിഷയങ്ങളുടെ മാതൃകാ ചോദ്യപ്പേപ്പറുകൾ തയ്യാറാക്കി പങ്കിടലും ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടാകാറുണ്ട്.