ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക സർവേ നടത്തി. വടക്കുമ്പാട് എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും. ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. ഓരോദിവസംകഴിയുമ്പോഴും രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആശങ്കയേറ്റുകയാണ്.
കൂടുതൽ രോഗബാധിതർ ഉണ്ടോയെന്നകാര്യം പരിശോധിക്കാനാണ് സർവേ നടത്തിയത്. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ, ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ. ഉദ്യോഗസ്ഥരും ആശാ പ്രവർത്തകരും ജനപ്രതിനിധികളടക്കം 200-ഓളം പേർ പങ്കെടുത്തു. 1816 വീടുകളിൽ 64 സ്ക്വാഡുകളാണ് സർവേക്കെത്തിയത്.
രോഗബാധ വ്യാപകമായ സാഹചര്യത്തിൽ ഓണക്കാല അവധി കഴിഞ്ഞ് സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ടില്ല. മഞ്ഞപ്പിത്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്കൂളിൽ പി.ടി.എ. യോഗങ്ങൾ നടക്കുന്നുണ്ട്. അതിന് ശേഷമാകും സ്കൂളിൽ ക്ലാസ് തുടങ്ങുന്ന കാര്യം തീരുമാനിക്കുക.
സെപ്റ്റംബർ ഏഴിനാണ് പ്ലസ് വൺ വിഭാഗത്തിലെ മൂന്ന് വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് സ്കൂളധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ ആരോഗ്യവിഭാഗത്തെ വിവരം അറിയിക്കുകയുംചെയ്തു. പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ പരിശോധന നടത്തിയപ്പോൾ രോഗംബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാർഡുകളിൽ ആറാം വാർഡിലൊഴികെ എല്ലാ വാർഡിലും മഞ്ഞപ്പിത്തം രോഗം ബാധിച്ചവരുണ്ട്. മഞ്ഞപ്പിത്തംപകർന്നതിന്റെ ഉറവിടം കൃത്യമായി ഇനിയും ഔദ്യോഗികമായി കണ്ടെത്താനായിട്ടില്ല.
എങ്ങനെയൊക്കെ പകരും ?
മഞ്ഞപ്പിത്തത്തിന് മുഴകൾ, പിത്താശയക്കല്ല്, മലേറിയ തുടങ്ങി പല കാരണങ്ങളുണ്ടെങ്കിലും ജലം മലിനമാവുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ആണ് പ്രധാന രോഗകാരി. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ, വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാളുടെ അകത്തെത്തുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ഏറ്റവുമധികം മലിനമാകാൻ സാധ്യതയുള്ളത് വെള്ളംതന്നെ. അതുവഴി ഭക്ഷണവും മലിനമാവും. രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുകവഴിയും പകരാം.
കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മതി
നന്നായി തിളപ്പിച്ച വെള്ളംമാത്രം കുടിക്കുകയാണ് മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം. പുറത്തുനിന്ന് വെള്ളം കുടിക്കാതിരിക്കുകയാണ് ബുദ്ധി. വർഷകാലത്ത് എല്ലാ ജലസ്രോതസ്സുകളും മലിനമാവാനിടയുണ്ട്. 60 ഡിഗ്രി ചൂടിൽ ഒരു മിനിറ്റ് തിളച്ചാൽത്തന്നെ വൈറസുകൾ നശിക്കും. അതിനുശേഷം ആറ്റി ഉപയോഗിക്കാം.
ലക്ഷണങ്ങൾ
ചെറിയ പനിയാണ് തുടക്കം. നല്ല ക്ഷീണം കാണും. തലവേദനയും മനംപിരട്ടലും ഛർദ്ദിയുമുണ്ടാവും. മൂത്രത്തിനും മലത്തിനും നിറവ്യത്യാസമുണ്ടാവാം. അഞ്ചുദിവസം കഴിഞ്ഞാലേ ശരീരത്തിൽ മഞ്ഞനിറം കാണൂ. അപ്പോൾ മാത്രമേ ഇത് മഞ്ഞപ്പിത്തമാണെന്ന് ആളുകൾ തിരിച്ചറിയൂ. പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് ഈ മഞ്ഞനിറം വരുന്നത്.
ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- 2 ആഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉൾപ്പടെ).
- ഭക്ഷണ, പാനീയങ്ങൾ തയ്യാറാക്കുന്നതിൽ നിന്നും മാറി നിൽക്കുക.
- കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക, പ്രത്യേകിച്ച് മല-മൂത്ര വിസർജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും.
- രോഗി ഉപയോഗിക്കുന്ന ശുചിമുറികളിലെ പ്രതലങ്ങൾ, ബ്ലീച്ച് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കുക.
- ഹോസ്റ്റലുകൾ, ഡോർമിറ്ററികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ രോഗബാധിതരെ പ്രത്യേകമായി താമസിപ്പിക്കുക.
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും, പാത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്.
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകേണ്ടതാണ്. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. (15 ഗ്രാം അല്ലെങ്കിൽ 3 ടീ സ്പൂൺ അല്ലെങ്കിൽ 1 ടേബിൾ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ 1 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ 0.5% ബ്ലീച്ചിംഗ് ലായനി തയ്യാറാക്കാവുന്നതാണ്.)
- ആൽക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഹെപ്പറ്റൈറ്റിസ് എ അണു നശീകരണത്തിന് ഫലപ്രദമല്ല.