നൂറിൽ നൂറുസീറ്റും നിറച്ച് കേരളത്തിലെ രണ്ടുവണ്ടികളടക്കം 17 വന്ദേഭാരതുകൾ രാജ്യത്ത് കുതിക്കുന്നു. എന്നാൽ 59 വന്ദേഭാരതുകളിൽ 13 എണ്ണത്തിൽ പകുതിസീറ്റും കാലിയായാണ് ഓടുന്നത്.
59-ൽ 18 എണ്ണം 16 കോച്ചുമായാണ് ഓടുന്നത്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ 474 സീറ്റിലും ആളുണ്ട്.
എന്നാൽ മംഗളൂരു-ഗോവ വന്ദേഭാരതിൽ 474 സീറ്റിൽ 300 സീറ്റുവരെ ഒഴിഞ്ഞുകിടക്കുന്നു. കൊങ്കണിൽ ഈടാക്കുന്ന 'അധികനിരക്ക് ' വന്ദേഭാരതിനും തിരിച്ചടിയായതായാണ് സൂചന. രാജ്യത്ത് 20 കോച്ചുള്ള മൂന്ന് വന്ദേഭാരതുകളാണ് ഓടുന്നത്.
ഇതിൽ നാഗ്പുർ-സെക്കന്തരാബാദ് വണ്ടിയിൽ 1328 സീറ്റിൽ 1118 സീറ്റിലും ആളില്ല. റൂട്ട് സാന്ദ്രത പരിഗണിക്കാതെ സോണൽ ആവശ്യങ്ങൾക്കനുസരിച്ച് വന്ദേഭാരത് നൽകിയതാണ് തിരിച്ചടിയായതെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.