സാധാരണ നിലയില്‍ ഗൂഗിളാണ് ആന്‍ഡ്രോയിഡ് ഒഎസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആദ്യം ഫോണുകളില്‍ അവതരിപ്പിക്കാറ്. പിന്നാലെ സാംസങും വണ്‍പ്ലസും ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസ് അടിസ്ഥാനമാക്കിയുള്ള അവരുടെ യൂസര്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള ഈ പതിവ് തെറ്റിച്ചിരിക്കുകയാണ് വിവോ. ഗൂഗിളിനും മുമ്പ് ആന്‍ഡ്രോയിഡ് 15 ഒഎസ് അപ്‌ഡേറ്റ് ഫോണുകളില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി.
വിവോയുടെ വിവോ ഫോള്‍ഡ് 3 പ്രോ, വിവോ എക്‌സ്100 സീരീസ് ഫോണുകളിലാണ് ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒഎസ് അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 30 നാണ് ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫണ്‍ടച്ച് ഒഎസ് 15 ഔദ്യോഗികമായി അവതരിപ്പിക്കുകയെങ്കിലും ചില ഫോണുകളില്‍ അതിന് മുമ്പ് തന്നെ അപ്‌ഡേറ്റ് എത്തിക്കുകയായിരുന്നു. ഫണ്‍ടച്ച് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ചില ഐഖൂ ഫോണുകളിലും ഇതേ അപ്‌ഡേറ്റ് എത്തിയേക്കും.
ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്‍ഡ്രോയിഡ് 15 ഓപ്പണ്‍ സോഴ്‌സ് ബില്‍ഡ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് ഓക്‌സിജന്‍ ഒഎസ്, ഫണ്‍ ടച്ച് ഒഎസ്, വണ്‍ യുഐ, നത്തിങ് ഒഎസ്, റിയല്‍മി യുഐ, കളര്‍ ഒഎസ്, ഹൈപ്പര്‍ ഒഎസ് പോലുള്ള കസ്റ്റം ഒഎസുകള്‍ തയ്യാറാക്കുന്നത്.
പിക്‌സല്‍ 9 ഫോണുകളിലും മറ്റ് പിക്‌സല്‍ ഫോണുകളിലും ഒക്ടോബറിലാണ് ആന്‍ഡ്രോയിഡ് 15 അപ്‌ഡേറ്റ് ലഭിക്കുക. എന്നാല്‍ സാംസങ് ഇതുവരെയും വണ്‍ യുഐ 17 ന്റെ ബീറ്റ അവതിരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാംസങ് ഒഎസ് അപ്‌ഡേറ്റ് വൈകിയേക്കും. ഈ വര്‍ഷം അവസാനത്തോടെ വണ്‍ പ്ലസ്, നത്തിങ്, ഷാവോമി തുടങ്ങിയ ബ്രാന്റുകള്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചേക്കും.