ഉരുൾപൊട്ടൽ: നാലാം ദിനം നാലുപേരെ കണ്ടെത്തി രക്ഷപ്പെടുത്തി സൈന്യം... #Wayanad_Landslide

 


 വയനാട്ടില്‍ കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. നാല് പേരെയും രക്ഷിച്ചതായി സൈന്യം അറിയിച്ചു.

കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം കണ്ടെത്തിയത്. പടവെട്ടിക്കുന്നിലെ ബന്ധു വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു ഇവർ.ജോമോൾക്ക് കാലിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാലു പേരെയും വ്യോമമാർ​ഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി കരസേന അറിയിച്ചു. ഏറെ ശ്രമകരമായാണ് കണ്ടെത്തിയതെന്നാണ് കരസേന വ്യക്തമാക്കുന്നത്.

ഉരുൾപൊട്ടൽ ദുരന്തംകഴിഞ്ഞ് 78 മണിക്കൂറിന് ശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തുന്നത്. ഒരു വീടിന്റെ തകർന്ന ഭാ​ഗത്തായിരുന്നു ഇവരുണ്ടായിരുന്നത്. വീടിനെ കാര്യമായി ഉരുൾപൊട്ടൽ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകർന്നതോടെ നാലുപേരും ഒറ്റപ്പെട്ടുപോയി. ഇത്തരത്തിൽ മനുഷ്യരെ ഒറ്റപ്പെട്ടുപോയ സാഹചര്യത്തിൽ കണ്ടെത്തിയതോടെ ഇനിയും പല മേഖലകളിലേക്കും തിരച്ചിൽ ഊർജിതമാക്കാനാണ് സൈന്യത്തിന്റെ തീരുമാനം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0