ആരോപണത്തിന്മേൽ നടപടി വേണമെന്ന നിലപാട് അമ്മ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ് എന്നിവർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, മുകേഷ്, സിദ്ധിഖ്, ബാബുരാജ്, ജയസൂര്യ എന്നിവരോട് സംഘടന വിശദീകരണംതേടുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമ്മ എക്സിക്യുട്ടിവ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അതേസമയം, ചൊവ്വാഴ്ച നടത്താനിരുന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. കൂടാതെ, ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പരാതികൾ പരിഹരിക്കുന്നതിൽ താരസംഘടനയായ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നടൻ പൃഥ്വിരാജ് തിങ്കളാഴ്ച പറഞ്ഞിരുന്നു. സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾക്കെതിരേ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ മാറിനിന്ന് അന്വേഷണം നേരിടുകയെന്നതാണ് മര്യാദയുടെ ഭാഗമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ നിലപാടിന് പിന്നാലെ നിരവധി താരങ്ങൾ ഇതേ ആവശ്യവുമായി രംഗത്തുവരുന്നുണ്ട്.