കണ്ണൂർ ജില്ലയിൽ മഴ ഒഴിയുന്നില്ല, ആശങ്കയും - പല വഴികളിലും ഗതാഗതനിരോധനം - ദുരിതാശ്വാസ ക്യാമ്പുകളിലായി 815 പേർ... #Heavy_Rain



കണ്ണൂർ : കനത്ത മഴയ്ക്ക് ശമനമില്ല. ബുധനാഴ്ചയും ജില്ലയിൽ മിക്കയിടത്തും ശക്തമായ പെയ‌തു. ഇടയ്ക്കിടെ അതിതീവ്ര മഴയും. എന്നാൽ, ചൊവ്വാഴ്‌ചത്തെ അപേക്ഷിച്ച് ഉച്ചവരെ മഴയ്ക്ക് ശക്തി കുറവായിരുന്നു. കണ്ണൂർ നഗരപ്രദേശത്ത് വൈകുന്നേരം മഴ കനത്തു. വയനാട് ദുരന്തത്തിന്റെ ഞെട്ടലിലുള്ള ജനങ്ങൾ മഴയെ ഭയക്കുന്ന മാനസികാവസ്ഥയിലാണിപ്പോൾ. 

മലയോരത്തും തീരദേശത്തും ഇടനാടുകളിലുമെല്ലാം ആളുകൾ ആശങ്ക പങ്കുവെക്കുന്നു. പലയിടത്തും വെള്ളം കെട്ടിനിൽക്കുകയാണ്.

വ്യാഴാഴ്‌ചയും മഞ്ഞ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. രണ്ടുദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ പലഭാഗത്തും വലിയ നാശനഷ്ടമുണ്ടായി.
പഴശ്ശിയിൽ ജലനിരപ്പ് താഴ്ന്നു

ഇരിട്ടി-കൂട്ടുപുഴ കെ.എസ്.ടി.പി. റോഡിൽ വളവുപാറയിൽ മണ്ണിടിച്ചിൽ ഭിഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ട ഗതാഗതം പുനഃസ്ഥാപിച്ചു. ബാവലി, ബാരാപോൾ പുഴകളിൽ നീരോഴുക്ക് കുറഞ്ഞതോടെ പഴശ്ശി പദ്ധതിയിൽ ജലനിരപ്പ് ഒരു മീറ്ററിലധികം താഴ്ന്നു‌. പദ്ധതിയുടെ 16 ഷട്ടറുകളും പൂർണതോതിൽ ഉയർത്തി.

ഗതാഗതനിരോധനം

 പേരാവൂർ, മുഴക്കുന്ന്, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിലൂടെ പോകുന്ന ബംഗ്ലാക്കുന്ന് മുടക്കോഴി പെരിങ്ങാനം റോഡിൽ മണ്ണിടിഞ്ഞു. അപകടസാധ്യത ഒഴിവാക്കാൻ ബംഗ്ലാക്കുന്ന് മുതൽ പെരിങ്ങാനം ജങ്ഷൻ വരെ ബുധനാഴ്‌ മുതൽ ഗതാഗതം പൂർണമായും നിരോധിച്ചതായി കേരള സ്റ്റേറ്റ് റൂറൽ റോഡ്‌സ് ഡിവലപ്മെന്റ് ഏജൻസി എക്സ്‌സി. എൻജിനിയർ (പി.ഐ.യു.)അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലായി 815 പേർ 

നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസക്യാമ്പുകളിലായി 215 കുടുംബങ്ങളിലെ 815 അംഗങ്ങൾ കഴിയുന്നു. ഏറ്റവും കൂടുതൽ തലശ്ശേരി താലൂക്കിലാണ്. ഇവിടെ 12 ക്യാമ്പുകളിലായി 153 കുടുംബങ്ങളിലെ 537 പേർ കഴിയുന്നു. ഇരിട്ടി താലൂക്കിൽ നാല് ക്യാമ്പുകളിലായി 49 കുടുംബങ്ങളിലെ 247 അംഗങ്ങളും തളിപ്പറമ്പ് താലൂക്കിൽ ഒരു ക്യാമ്പിൽ 11 കുടുംബങ്ങളിലെ 24 അംഗങ്ങളുമുണ്ട്. കണ്ണൂർ താലൂക്കിൽ ഒരു ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലെ ഏഴുപേർ കഴിയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0