2050 ആകുമ്പോഴേക്കും പുരുഷന്മാരിലെ കാൻസർ മരണങ്ങൾ 93 ശതമാനമായി വർധിക്കും; കാരണങ്ങളറിയാം... #Cancer

 


പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം. അറുപത്തിയഞ്ചുവയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ വർധന പ്രകടമാവുന്നതെന്നും പഠനത്തിലുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ.

ഹൃദ്രോ​ഗങ്ങൾക്കു പിന്നാലെ മരണകാരണമാകുന്ന രണ്ടാമത്തെ രോ​ഗമാണ് കാൻസർ. എന്നാൽ പുതിയ പഠനപ്രകാരം കാൻസർ മുൻനിരയിലെത്തുമെന്നാണ് ​ഗവേഷകർ പറയുന്നത്. കാൻസർ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022 മുതലുള്ള ഡേറ്റ പരിശോധിച്ചാണ് ​ഗവേഷകർ വിലയിരുത്തലിലെത്തിയത്.

185 രാജ്യങ്ങളിൽ നിന്നുള്ള 30 തരം കാൻസറിനേക്കുറിച്ചും അതുമൂലമുള്ള മരണത്തേക്കുറിച്ചുമാണ് പഠനം നടത്തിയത്. 2022-ൽ പുരുഷന്മാരിലെ കാൻസർ കേസുകൾ 10.3 ദശലക്ഷമായിരുന്നെങ്കിൽ 2050 ആകുമ്പോഴേക്ക് അത് 19 ദശലക്ഷമാകുമെന്നാണ് ​ഗവേഷകരുടെ വാദം. അതായത് എൺപത്തിനാലു ശതമാനം വർധന.

കാൻസർ മരണങ്ങൾ ഇരട്ടിയോളമാകുമെന്നും പഠനത്തിലുണ്ട്. 2022-ൽ 5.4 ദശലക്ഷം ആയിരുന്നെങ്കിൽ 2050 ആകുമ്പോഴേക്ക് 93ശതമാനം വർധിച്ച് 10.5 ദശലക്ഷമാകുമെന്നാണ് ​ഗവേഷകർ പറയുന്നത്. അറുപത്തിയഞ്ച് വയസ്സും അതിനു മുകളിലും പ്രായമുള്ള പുരുഷന്മാരാണെങ്കിൽ ഇത് വീണ്ടും വർധിച്ച് 117 ശതമാനമാകുമെന്നും പഠനത്തിലുണ്ട്.

കുറഞ്ഞ വരുമാനമുള്ള, ആയുർദൈർഘ്യം കുറഞ്ഞ രാജ്യങ്ങളിലെ പുരുഷന്മാരിലാണ് ഇത് കൂടുതൽ പ്രകടമാവുകയെന്നും പഠനത്തിലുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കാൻസർ നിരക്കും മരണങ്ങളും കൂടുന്നതിനുപിന്നിലെ കാരണവും ​ഗവേഷകർ പറയുന്നുണ്ട്. പുകവലി, മദ്യപാനം, തൊഴിലിടങ്ങളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങളുമായുള്ള സമ്പർക്കം തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ. പുരുഷന്മാർ കാൻസർ സ്ക്രീനിങ് പ്രോ​ഗ്രാമുകൾക്ക് മുതിരാൻ മടിക്കുന്നതും മരണങ്ങൾ കൂടുന്നതിന്റെ പ്രധാനകാരണമാണെന്ന് ​ഗവേഷകർ പറയുന്നു.

2022-ൽ പുരുഷന്മാരിലെ കാൻസർ മരണനിരക്കുകൾ പ്രധാനമായുംശ്വാസകോശാർബുദം മൂലമായിരുന്നു, ഇത് 2050 ആകുമ്പോഴും പ്രധാനഭീഷണിയായി തുടരുമെന്നാണ് കരുതുന്നത്. മെസോതെലിയോമ മൂലമുള്ള നിരക്കുകളും പ്രോസ്റ്റേറ്റ് കാൻസർ മൂലമുള്ള മരണങ്ങളും കൂടുതലാണ്. ആരോ​ഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും കാൻസർ സ്ക്രീനിങ്ങുകൾ മെച്ചപ്പെടുത്തിയുമൊക്കെ രോ​ഗനിരക്കുകളുടെയും മരണങ്ങളുടെയും വർധനവ് തടയാനാകുമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

2050 ആകുമ്പോഴേക്കും കാൻസർ രോ​ഗികളുടെ കുത്തനെ ഉയരുമെന്നും 35ദശലക്ഷം പുതിയ രോ​ഗികളുണ്ടാകുമെന്നും അടുത്തിടെ ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകാരോ​ഗ്യസംഘടനയുടെ ഭാ​ഗമായ ഐ.എ.ആർ.സി. ( International Agency for Research on Cancer) നടത്തിയ ​ഗവേഷണത്തിലാണ് ഇതേക്കുറിച്ച് കണ്ടെത്തിയത്.

ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോ​ഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് ​രോ​ഗപ്രതിരോധത്തിന് ​ഗുണംചെയ്യുമെന്നാണ് ലോകാരോ​ഗ്യസംഘടന അന്ന് പറഞ്ഞത്. കൂടാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാമെന്നും പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെയും പ്രതിരോധിക്കാനാവുമെന്നും പറഞ്ഞിരുന്നു. ആരോ​ഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോ​ഗം കുറയ്ക്കുന്നതുമൊക്കെ ​ഗുണംചെയ്യുമെന്നും കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദ​ഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുകയുണ്ടായി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0