അമ്പലങ്ങളിലും വീടുകളിലും രാമ നാമ ധ്വനി മുഴങ്ങുന്ന ധന്യമാസമാണ് കർക്കടകം. ഒപ്പം മലയാളികളുടെ കലണ്ടറിലെ അവസാന മാസവും. രാമനാമം ജപിക്കുന്നത് ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക് അര്‍ഹരാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കോരിച്ചൊരിയുന്ന മഴയും പഞ്ഞക്കർക്കടകത്തിലെ പട്ടിണിയും പഴയപോലെ ഇപ്പോഴില്ലെങ്കിലും എല്ലാ വ്യഥകളും മായ്ക്കുന്ന അക്ഷരവെളിച്ചമായി രാമായണം മലയാളി ഭവനങ്ങളെ പ്രകാശസാന്ദ്രമാക്കുമെന്നതാണ് ഈ മാസത്തെ പ്രത്യേകത.
നമ്മുടെ മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണം (Ramayana Parayanam) കര്‍ക്കടകത്തില്‍ നിര്‍ബന്ധമാക്കുന്നത്. കർക്കടക മാസത്തെ പഞ്ഞമാസമെന്ന് പറയുന്നത് പോലെ ഭഗവതി മാസം എന്നും പറയും. ഈ സമയം എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തും. രാമായണ മാസാചരണം കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരുമെന്നും വിശ്വാസമുണ്ട്.
അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടി വന്നു അപ്പോൾ നാം സാധാരണ മനുഷ്യരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ അല്ലെ? മനുഷ്യ മനസുകൾക്കുള്ളിൽ കുടികൊള്ളുന്ന തേജോരൂപത്തെ ഒന്നുകൂടി ജ്വലിപ്പിക്കുന്ന ശക്തി ചൈതന്യമാണ് ഈ രാമായണം. കർക്കിടകം ഒന്നായ ഇന്ന് രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് ഭക്തർ വായന ആരംഭിക്കാം.
കർക്കടകത്തിൽ വായന തുടങ്ങുന്ന രാമായണം കർക്കടത്തിൽ തന്നെ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. അതായത് കർക്കിടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം. എങ്കിലും ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കാൻ പാടില്ല.
ഒരുപക്ഷെ കർക്കിടക മാസത്തിൽ (Karkkidakam) മുഴുവൻ ദിവസവും രാമായണ പാരായണത്തിന് കഴിയാത്തവർ ഒറ്റ ദിവസം കൊണ്ടോ, 3 ദിവസം കൊണ്ടോ, 5 ദിവസം കൊണ്ടോ അല്ലെങ്കിൽ 7 ദിവസം കൊണ്ടോ രാമായണം പാരായണം ചെയ്തു തീർക്കാം. മാസാവസാനം ശ്രീരാമപട്ടാഭിഷേകം വായിച്ച് വിളക്കിന് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് പാരായണം പൂർത്തിയാക്കുകയും ചെയ്യാം.
ശ്രീരാമന്‍, സീത, വസിഷ്ഠന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പ്പെട്ട 11 പേരുള്ള ശ്രീരാമ പട്ടാഭിഷേക ചിത്രത്തിന്‍റെ മുന്നില്‍ വടക്കോട്ട് തിരിഞ്ഞിരുന്നു രാമായണ പാരായണം ചെയ്യുന്നതാണ് വളരെ ഉത്തമം. ശരിക്കും പറഞ്ഞാൽ രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്ത സമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം രാമായണം പാരായണം ചെയ്യാൻ.
അതുപോലെ കർക്കടക മാസത്തിൽ നിത്യേന വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രം വയ്ക്കുന്നത് വളരെ നല്ലതാണ്. എന്നാൽ യുദ്ധം, കലഹം, വ്യഥ, മരണം എന്നിവ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ നിത്യേന പാരായണം അവസാനിപ്പിക്കാതെ നോക്കുന്നത്. വലതുഭാഗത്തു ശുഭസൂചനയുള്ള രണ്ടുവരികൾ മൂന്നുതവണ വായിച്ചു നിർത്തുന്നതാണ് ഉത്തമം. ശ്രീരാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള പൂർവരാമായണമാണ് പാരായണം ചെയ്യേണ്ടത് ഉത്തര രാമായണം സാധാരണയായി വായിക്കാറില്ല.
ഓരോദിവസവും വായന ആരംഭിക്കുന്നതിനു മുൻപായി ഗണപതി വന്ദനത്തോടൊപ്പം ബാലകാണ്ഡത്തിലെ ‘ശ്രീ രാമ രാമാ രാമാ ശ്രീ രാമചന്ദ്ര ജയ… എന്ന് തുടങ്ങുന്ന പതിനാലു വരികൾ ചൊല്ലണം. അതുപോലെ യുദ്ധകാണ്ഡം അവസാന ഭാഗത്തുള്ള രാമായണമാഹാത്മ്യം വായിച്ചുവേണം നിത്യപാരായണം അവസാനിപ്പിക്കാൻ.