അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന് കോവിഡ്; ഐസലേഷനിലിരുന്ന് ജോലി തുടരുമെന്ന് പ്രഖ്യാപനം... #Joe_Biden

യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ്‌ യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 

മൂക്കൊലിപ്പും ചുമയും ഉൾപ്പെടെ ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒ'കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും കരീൻ ജീൻ പിയർ പറഞ്ഞു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിന് ആശംസ നേർന്ന എല്ലാവർക്കും നന്ദിയെന്നും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ച ബൈഡൻ, താൻ ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാകുമെന്നും വ്യക്തമാക്കി. പ്രായാധിക്യവും തുടർച്ചയായ നാവുപിഴയും അലട്ടുന്ന ബൈഡൻ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0