സംസ്ഥാനത്ത് പനിപടരുന്നു. കഴിഞ്ഞദിവസം മാത്രം നാല് പനിമരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 13,511 പേർ പനിബാധിച്ച് ചികിത്സതേടുകയും ചെയ്തു. 99 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പകർച്ചവ്യാധിപ്രതിരോധത്തിന് ആരോഗ്യവകുപ്പ് റാപിഡ് റെസ്പോൺസ് ടീം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും കോളറയും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ എലിപ്പനി, ഡെങ്കിപ്പനി, ചെള്ളുപനി തുടങ്ങിയവ ബാധിച്ച് 168 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. വിവിധ രോഗലക്ഷണങ്ങളോടെ 176 പേർ മരിച്ചതായും കണക്കുകളിലുണ്ട്. പനിമരണങ്ങൾക്കൊപ്പം തന്നെ ആശങ്കപ്പെടുത്തുന്നതാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോളറ വ്യാപനം.
ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ മുതലായ കൊതുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.
വയറിളക്ക രോഗങ്ങള്‍, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാല്‍ തന്നെ പ്രതിരോധം പ്രധാനമാണ്.
ആശങ്ക വേണ്ടാ, ജാഗ്രത മതി
പനിക്കണക്കുകൾ കൂടുന്നെങ്കിലും രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ എത്തുന്നത് കുറവാണ്. ലക്ഷണം കണ്ടാൽ വെച്ചുകൊണ്ടിരിക്കരുത്. ചൂട് കുറയാനുള്ള മരുന്നും മറ്റുമായി സ്വയം ചികിത്സയല്ല വേണ്ടതെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.