രാത്രികാലങ്ങളിൽ മൊബൈൽ ഫോൺ സ്ക്രോൾ ചെയ്ത് ഇരിപ്പാണോ? എങ്കിൽ പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം... #Health



രാത്രികാലങ്ങളിൽ മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്ത് സമയം കളയുന്നവർ ഏറെയാണ്. ഇതുമൂലം വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുന്ന ആരോ​ഗ്യപ്രശ്നങ്ങൾ വേറെയും. ഇപ്പോഴിതാ ഈ ശീലം പ്രമേഹസാധ്യത വർധിപ്പിക്കുമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.

ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രമേഹസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ പറയുന്നത്. അർധരാത്രി മുതൽ രാവിലെ ആറുമണി വരെയുള്ള സമയത്ത് മൊബൈൽ ഫോൺ ലൈറ്റിന് മുന്നിലിരിക്കുന്നത് ടൈപ് 2 ഡയബറ്റിസിന് ഇടയാക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

നാൽപതിനും അറുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള 85,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഒമ്പതുവർഷം നീണ്ട കാലയളവിനൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. രാത്രികാലങ്ങളിൽ ഇത്തരം കൃത്രിമവെളിച്ചങ്ങൾക്ക് വിധേയരാകുന്ന പത്തുശതമാനംപേരിൽ പ്രമേഹസാധ്യത അറുപത്തിയേഴ് ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.

കൃത്രിമവെളിച്ചത്തിന് മുന്നിലിരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ ഉറക്ക പ്രക്രിയയയെ ബാധിക്കുകയും ഇത് ചയാപചയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. മൊബൈൽ ഫോൺ മാത്രമല്ല, ടി.വി.യിൽ നിന്നുള്ള വെളിച്ചം, റീഡിങ് ലാമ്പിൽ നിന്നുള്ള ചെറിയ വെളിച്ചം തുടങ്ങിയവയൊക്കെ പ്രശ്നമാണ്. രാത്രികാലങ്ങളിൽ ഇത്തരം ലൈറ്റുകൾ പരമാവധി നേരത്തേ ഒഴിവാക്കുക എന്നതാണ് ഇതിനുള്ള പരിഹാരമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഒരു ജൈവതാളമുണ്ട്. പലതരം ജീനുകളാൽ നിയന്ത്രിതമായ ഈ ജൈവതാളമാണ് ജൈവഘടികാരം അഥവാ സിർക്കാഡിയൻ ക്ലോക്ക് എന്നറിയപ്പെടുന്നത്. സ്വാഭാവിക പകലിനോടും ഇരുട്ടിനോടും പ്രതികരിക്കുന്ന ഈ ആന്തരിക ജൈവഘടികാരം പ്രകൃതിയുടെ താളത്തിലധിഷ്ഠിതമാണ്. ഈ ജൈവഘടികാരത്തിന് തകരാറു പറ്റിയാൽ അത് നമ്മുടെ ആരോ​ഗ്യത്തെയും ആയുസ്സിനെയും വിപരീതമായി ബാധിക്കും. രാത്രികാലങ്ങളിൽ ഉണർന്നിരിക്കുന്നത് ഈ ജൈവതാളത്തിൽ മാറ്റമുണ്ടാക്കും. അത് പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം ഉൾപ്പെടെയുള്ള നിരവധി ജീവിതശൈലീ രോ​ഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുകയും ഒപ്പം രോ​ഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും.

ഉറങ്ങുംമുമ്പ് മൊബൈൽ പോലുള്ള ​ഗാഡ്ജറ്റുകളും ടി.വി.യുമൊക്കെ ഒഴിവാക്കേണ്ടതിന്റെയും പരമാവധി ഇരുട്ടുനിറഞ്ഞ മുറിയിൽ കിടക്കേണ്ടതിന്റേയും പ്രാധാന്യം പങ്കുവെക്കുന്നതാണ് പഠനം.

ടൈപ്പ് 2 ഡയബറ്റിസ്

ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ഇവിടെ ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഇത് ഇന്‍സുലിന്‍ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാന്‍ക്രിയാസിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങള്‍, ജനിതക ഘടന, പൊണ്ണത്തടി എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0