'ഗുരുവായൂർ അമ്പലനടയിൽ' സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീയിട്ടു; കനത്ത പുകയിൽ ശ്വാസംമുട്ടി നാട്ടുകാർ... #Guruvayur_Ambalanadayil

 


ഏലൂർ ഫാക്ടിന്റെ സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റ് പൊളിച്ച് കത്തിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസം മുട്ടും ചുമയും. വല്ലാർപാടം കണ്ടെയ്നർ റോഡ് പഴയ ആന വാതിലിന് സമീപമുള്ള ഫാക്ടിൻ്റെ സ്ഥലത്ത് ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റിന്‍റെ അവശിഷ്ടങ്ങളാണ് കത്തിച്ചത്.

കരാറുകാരൻ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഇവിടെ അവശിഷ്ടങ്ങൾക്ക് തീയിട്ടത്. തീ ആളിക്കത്തിയില്ലെങ്കിലും വൻതോതിൽ പുകയുയർന്നു. ഇതോടെ സമീപവാസികൾക്ക് ശ്വാസംമുട്ടലും ചുമയും ഉണ്ടായി.

ഏഴ് സ്ഥലങ്ങളിലായിട്ടായിരുന്നു മാലിന്യങ്ങൾ കത്തിച്ചത്. പ്ലാസ്റ്റിക്, തെർമോകോൾ, ഫൈബർ, ചാക്ക്, തുണി, മരക്കഷണങ്ങൾ തുടങ്ങിയവ ഉൾപ്പെടെയാണ് കൂട്ടിയിട്ട് കത്തിച്ചത്. സമീപവാസികൾ വിളിച്ചറിയിച്ചതനുസരിച്ച് ഏലൂർ അഗ്നിരക്ഷാ ജീവനക്കാർ എത്തി തീയും പുകയും അണയ്ക്കാൻ ശ്രമിച്ചു.

ഏഴിടത്തായി തീയും പുകയും ഉയർന്നതിനാൽ ഇത് പൂര്‍ണ്ണമായും അണയ്ക്കാന്‍ ഒരു യൂണിറ്റിന് സാധിച്ചില്ല. ഇതോടെ ആലുവ, തൃക്കാക്കര, പറവൂർ, ഗാന്ധിനഗർ, തുടങ്ങിയ സ്ഥലങ്ങളിലുള്ള അഗ്നിരക്ഷാ വാഹനങ്ങളും ജീവനക്കാരും എത്തി. രാത്രി എട്ടുമണിയോടെ തീ നിയന്ത്രണവിധേയമാക്കി.

വെള്ളമൊഴിച്ച് തീയണയ്ക്കുമ്പോഴേക്കും മറ്റൊരു ഭാഗത്തുനിന്ന് പുക ഉയരുന്ന സ്ഥിതിയാണ്. കൂട്ടിയിട്ട് കത്തിച്ച മാലിന്യം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കിമാറ്റിയാണ് വെള്ളവും ഫോമും ഉപയോഗിച്ച് അണയ്ക്കാൻ ശ്രമിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0