ഭാര്യ ജോലിക്ക് പോയസമയത്ത് മകനെ ലൈംഗികപീഡനത്തിനിരയാക്കി; പിതാവിന് 96 വർഷം കഠിനതടവ്... #Crime_News

 


പന്ത്രണ്ടുകാരനായ മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ പിതാവിന് 96 വർഷം കഠിനതടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.

അരീക്കോട്ടുനിന്ന് വിവാഹംകഴിച്ച പ്രതി കുടുംബത്തെ വെറ്റിലപ്പാറയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ചിരുന്നു. ഭാര്യ വീട്ടുജോലിക്ക് പോകുന്ന സമയത്ത് മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്നും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 2022 ഏപ്രിൽ 14-ന് ഉച്ചയ്ക്ക് ഭാര്യ ജോലി സ്ഥലത്തുനിന്ന് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിൽ അവശനായിക്കിടക്കുന്ന മകനെക്കണ്ടു. വിവരം ചോദിച്ചപ്പോഴാണ് മാസങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം അറിഞ്ഞത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മുക്കത്തുള്ള മനശ്ശാസ്ത്ര വിദഗ്ധനെ കാണിച്ചു. അദ്ദേഹം അരീക്കോട് പോലീസിന് വിവരം കൈമാറി. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്തു. വിവിധ വകുപ്പുപ്രകാരമാണ് കഠിനതടവും പിഴയും വിധിച്ചത്. പിഴയടയ്ക്കുന്നപക്ഷം തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻവേണ്ട നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശംനൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.

MALAYORAM NEWS is licensed under CC BY 4.0