ഈശ്വർ മാൽപ്പെ: ഉഡുപ്പിക്കാരുടെ മുള്ളൻകൊല്ലി വേലായുധൻ... #Eshwar_Malpe

നരൻ എന്ന സിനിമയും മുള്ളൻകൊല്ലി വേലായുധൻ എന്ന ഐക്കോണിക് മോഹൻലാൽ കഥാപാത്രവും പിറന്നിട്ട് വർഷം 19 ആയി. അതിനും ഒരു വർഷം മുൻപേ തുടങ്ങിയതാണ് ഗംഗാവലിപ്പുഴയിൽ ഈശ്വർ മാൽപ്പെയുടെ ജീവന്മരണ പോരാട്ടങ്ങൾ. മരണദൂതിന്‍റെ ഹുങ്കാരം മുഴക്കി മലവെള്ളം കുലംകുത്തിയൊഴുകുമ്പോൾ മാൽപ്പെ ആ പുഴയിലേക്ക് എടുത്തുചാടുന്നത് തടിപിടിക്കാനല്ല, അവസാന ശ്വാസത്തിന്‍റെ കണികയിലെങ്കിലും ശേഷിക്കുന്ന മനുഷ്യജീവന്‍റെ പിടച്ചിലുകൾ തേടിയാണ്.

കർണാടകയിലെ ഷിരൂരിൽ കുന്നും മലയും കലക്കിയെടുത്ത് പാഞ്ഞൊഴുകുന്ന ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലെവിടെയോ മറഞ്ഞു കിടക്കുന്ന ഒരു ലോറിക്കു വേണ്ടിയാണ് അയാളിപ്പോൾ കുത്തൊഴുക്കിൽ മുങ്ങിത്തപ്പുന്നത്. ആ ലോറിയിലുണ്ടായിരുന്നു എന്നു കരുതുന്ന അർജുൻ എന്ന മലയാളിയെ തിരിച്ചുകിട്ടുമോ എന്ന പ്രതീക്ഷയുടെ കനൽത്തരിയാണ് അയാളാ പ്രളയജലത്തിനടിയിലും ആളിക്കത്തിക്കുന്നത്.
Eshwar Malpe

ഈശ്വർ മാൽപ്പെ

ഇരുപതു വർഷം, ഇതുവരെ അറബിക്കടലിന്‍റെയും ഉഡുപ്പിയിലെ പുഴകളുടെയും കാണാക്കയങ്ങളിൽ മരണത്തിന്‍റെ നീരാളിപ്പിടിത്തത്തിൽനിന്നു രക്ഷിച്ചെടുത്തത് ഇരുപതു പേരുടെ ജീവൻ. കടലും പുഴയും കവർന്ന ജീവനുകൾ വിട്ടകന്ന ഇരുനൂറ് മൃതശരീരങ്ങൾ വേറെ.

മത്സ്യബന്ധന വള്ളങ്ങൾക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കുന്ന ജോലിയാണ് ഈശ്വർ മാൽപ്പെയ്ക്ക്. വയസ് 45. മുങ്ങാനും തപ്പാനുമൊന്നും അക്കാഡമിക് ക്വാളിഫിക്കേഷൻ നേടിയ ആളല്ല, അടുത്ത കാലത്തു നേടിയ സ്കൂബ ഡൈവിങ്ങിലെ പ്രത്യേക പരിശീലനം ഒഴികെ. അതിലുപരി, പുഴയെ കര പോലെ കണ്ടും തൊട്ടും തുഴഞ്ഞും അനുഭവിച്ചറിഞ്ഞാണ് ഈശ്വർ മാൽപ്പെ ജലം കൊണ്ടു മുറിവേറ്റവർക്കു കാവലാകാനിറങ്ങുന്നത്.

ജീവന്‍റെ പിടപ്പുകൾ തേടി ആഴക്കയങ്ങളിലേക്ക് എടുത്തുചാടുന്നത് പണവും പ്രശസ്തിയും മോഹിച്ചുമല്ല. മാൽപ്പെ ബീച്ചിനടുത്ത് അമ്മയും ഭാര്യയും മൂന്നു മക്കളുമായാണ് ഈശ്വർ മാൽപ്പെ താമസിക്കുന്നത്. മൂന്നു മക്കളും ജന്മനാ ശാരീരിക പരിമിതിയുള്ളവർ.

വെള്ളത്തിൽ വീണവരെ രക്ഷപെടുത്താനുള്ള ഒരു സഹായാഭ്യർഥനയും ഇന്നുവരെ നിരസിച്ച ചരിത്രമില്ല ഈശ്വർ മാൽപ്പെയ്ക്ക്. മറ്റുള്ളവരെ സഹായിക്കാനുള്ള ശ്രമങ്ങൾക്ക് എന്നും ഭാര്യയുടെ പിന്തുയുമുണ്ട്. മൂന്ന് മിനിറ്റ് വരെ ശ്വാസം പിടിച്ച് വെള്ളത്തിനടിയിൽ തുടരാനുള്ള ശേഷിയാണ് മാൽപ്പെയുടെ പ്രധാന കരുത്ത്. ഓക്സിജൻ കിറ്റ് പോലുമില്ലാതെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്നത് ഈ സിദ്ധിയാണ്.
Eshwar Malpe

ഈശ്വർ മാൽപ്പെ

ആത്മഹത്യ ചെയ്യാൻ ചാടുന്നവരെ പോലും മാൽപ്പെ വെള്ളത്തിനടിയിൽ നിന്ന് ജീവനോടെ തിരിച്ചെത്തിച്ചിട്ടുണ്ട്. അതിനു പുഴയോ കടലോ എന്ന വ്യത്യാസമില്ല. നടുക്കടലിൽ കുടുങ്ങിപ്പോയ രണ്ട് ആഴക്കടൽ ട്രോളർ ബോട്ടുകൾ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചിട്ടുണ്ട് മാൽപ്പെ.

വെറും കൈയുമായി വെള്ളത്തിലേക്ക് ഊളിയിട്ടിരുന്ന ഈശ്വർ മാൽപ്പെ ഇപ്പോൾ സംഭാവനയായി കിട്ടിയ രണ്ട് ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നുണ്ട്. സ്കൂബ ഡൈവിങ്ങിൽ ഇതിനിടെ പ്രത്യേക പരിശീലനവും നേടി. ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ഒരു ഓക്സിജൻ റീഫില്ലിങ് കിറ്റ് കൂടി കിട്ടിയാൽ തന്‍റെ സേവനം കൂടുതലാളുകൾക്ക് ഉപകാരമാകുമെന്നു മാത്രമാണ് അദ്ദേഹം പ്രകടിപ്പിക്കുന്ന ആഗ്രഹം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0