ഇന്ന് ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ സാധാരണ രോഗങ്ങളാണ്. മാറിയ ഭക്ഷണരീതിയും ജീവിതശൈലിയുമൊക്കെ ഇത്തരം രോഗികളുടെ നിരക്ക് വർധിപ്പിക്കുകയാണ്. ഇപ്പോഴിതാ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുൾപ്പെടെയുള്ള ലോകത്തെ എല്ലാ ഹൃദ്രോഗവിദഗ്ധരും ഇതുവരെ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി പുറത്തിറക്കിയ 20-19-ലെ മാർഗനിർദേശങ്ങളാണ് പിന്തുടർന്നിരുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റംവന്നിരിക്കുന്നത്.
ഹൃദയാഘാതങ്ങൾ പരമാവധി തടയുക എന്നതിന്റെ ഭാഗമായാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ഹൃദയാഘാതങ്ങളിലേറെയും പ്രതിരോധിക്കാവുന്നതാണ്. കാർഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യ(CSI) യാണ് ജൂലൈ നാലിന് ഉയർന്ന കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
രക്തത്തിൽ അസാധാരണമായ തോതിൽ ലിപിഡ്സ് അഥവാ കൊഴുപ്പ് കാണപ്പെടുന്ന അവസ്ഥയാണ് ഡിസ്ലിപിഡിമിയ. ഡിസ്ലിപിഡിമിയ എന്ന അവസ്ഥയിൽ എൽ.ഡി.എൽ. കൊളസ്ട്രോൾ(ചീത്ത കൊളസ്ട്രോൾ) കൂടുക, ഉയർന്ന ട്രൈഗ്ലിസറൈഡ്സ്, കുറഞ്ഞ എച്ച്.ഡി.എൽ. കൊളസ്ട്രോൾ( നല്ല കൊളസ്ട്രോൾ) തുടങ്ങിയവയുമുണ്ടാകും. ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ നിശബ്ദ കൊലയാളി എന്നാണ് ഡിസ്ലിപിഡെമിയ അറിയപ്പെടുന്നത്. കൊളസ്ട്രോൾ നില കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണരീതി, വ്യായാമം, മരുന്ന് തുടങ്ങിയവയിലൂടെ ഇത് നിയന്ത്രിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
രക്തപരിശോധനയിലൂടെയാണ് കൊളസ്ട്രോൾ നില പരിശോധിക്കുന്നത്. ഇതുവരെയുള്ള നിർദേശപ്രകാരം സാധാരണ മിനിമം കൊളസ്ട്രോൾ നില 100 mg/DL(milligrams of sugar per decilitre) ആണ് ഉണ്ടാവേണ്ടത്. എന്നാൽ ഹൃദയസംബന്ധമായ രോഗങ്ങൾ കൂടുകയും കോവിഡിനുശേഷം ഹൃദ്രോഗികൾ കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്തെ ഹൃദ്രോഗവിദഗ്ധർ വിഷയത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
കാർഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനപ്രകാരം രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന, മണിപ്പൂർ എന്നിവയൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും എച്ച്.ഡി.എൽ. കൊളസ്ട്രോൾ ഏറ്റവും കുറവാണ്. ഉയർന്ന എൽ.ഡി.എൽ. കൊളസ്ട്രോൾ ഉള്ളവർ കൂടുതൽ കാണപ്പെട്ടത് കേരള, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ്.
എൽ.ഡി.എൽ. കൊളസ്ട്രോളിനെയാകണം കേന്ദ്രീകരിക്കേണ്ടത് എന്നാണ് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ ട്രൈഗ്ലിസറൈഡ്സ് ഉയർന്ന നിലയിലുള്ളവരിൽ നോൺ എച്ച്.ഡി.എല്ലിന് ആയിരിക്കണം ശ്രദ്ധകുടൂതൽ കൊടുക്കേണ്ടത്. എച്ച്.ഡി.എൽ. കൊളസ്ട്രോളും ടോട്ടൽ കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസമാണിത്.
കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗസാധ്യതകൾ ഉണ്ടെങ്കിൽ പതിനെട്ടു വയസ്സിലോ അതിനുമുമ്പോ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്തണമെന്നും നിർദേശത്തിലുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് തിരിച്ചറിയാനായി നടത്തുന്ന രക്തപരിശോധനയാണ് ലിപിഡ് പ്രൊഫൈല്‍ പരിശോധന. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരുടെ എൽ.ഡി.എൽ. നില നൂറിൽ കുറവാണെങ്കിൽ നോർമൽ ആണെന്നാണ് മുമ്പത്തെ നിർദേശത്തിലുണ്ടായിരുന്നത്. എന്നാൽ അത് തെറ്റാണ്, പുതിയ നിർദേശപ്രകാരം ഹൃദ്രോഗികളിലെ എൽ.ഡി.എൽ. നില അമ്പത്തിയഞ്ചിൽ താഴെയായിരിക്കണം.
അപകടസാധ്യത കുറഞ്ഞവർ, മിതമായുള്ളവർ, ഉയർന്ന തോതിലുളളവർ, ഏറ്റവും അപകടസാധ്യതയുള്ളവർ എന്നിങ്ങനെ തിരിച്ചാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായിട്ടില്ലാത്തവർ അപകടസാധ്യത കുറഞ്ഞവരാണ്. പുകവലിക്കുക, പുകയില ഉപയോഗിക്കുക, ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, ഡിസ്ലിപ്ഡെമിയ, രക്തബന്ധത്തിൽ ആർക്കെങ്കിലും ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങൾ ഉള്ളവർ മിതമായ അപകടസാധ്യത ഉള്ളവരുമാണ്.
ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഗുരുതരമായ വൃക്കരോഗങ്ങൾ, രക്തബന്ധത്തിൽ ആർക്കെങ്കിലും ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉള്ളവരാണ് ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലുള്ളത്. രക്തധമനികളിൽ ബ്ലോക്ക്, ഇരുപതിലേറെ വർഷമായി പ്രമേഹം, രക്തബന്ധത്തിൽ ആർക്കെങ്കിലും രക്തധമനികളിൽ തടസ്സമുണ്ടാവുക തുടങ്ങിയവരാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളത്.
ഇതുവരെ ലിപിഡ് പാരാമീറ്റർ പരിശോധനയിൽ എൽ.ഡി.എൽ.കൊളസ്ട്രോൾ, നോൺ എച്ച്.ഡി.എൽ. കൊളസ്ട്രോൾ, എച്ച്.ഡി.എൽ. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയവയായിരുന്നു പ്രധാന ഘടകങ്ങൾ. എന്നാൽ ഇനിമുതൽ ലിപോപ്രോട്ടിൻ(a) കൂടി പരിശോധിക്കണം. ലിപോപ്രോട്ടീന്റെ അളവ് കൂടുതലാണെങ്കിൽ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്നാണ് മനസ്സിലാക്കേണ്ടത്.
ഡിസ്ലിപിഡിമിയ നിയന്ത്രിക്കാൻ ജീവിതശൈലിയിൽ മാറ്റംവരുത്തേണ്ടത് പ്രധാനമാണെന്ന് മാർഗനിർദേശത്തിൽ പറയുന്നു. പഞ്ചസാര, കാർബോഹൈഡ്രേറ്റ് തുടങ്ങിയവ കുറയ്ക്കേണ്ടത് പ്രധാനമാണ്, അല്ലാത്തപക്ഷം കൊഴുപ്പ് അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വ്യായാമവും യോഗയും ശീലമാക്കേണ്ടത് പ്രധാനമാണെന്നും പറയുന്നുണ്ട്.