അർജുനായി ഷിരൂരിൽ നടക്കുന്ന തെരച്ചിലിൽ തൃപ്തരെന്ന് ബന്ധു ജിതിൻ. കൂടുതൽ സംവിധാനങ്ങൾ എത്തിയാൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതിക്ഷയുണ്ട്. കൂടുതൽ സംവിധാനങ്ങൾ എത്തിക്കണം. ശുപാപ്തി വിശ്വാസമുണ്ടെന്നും ജിതിൻ പ്രതികരിച്ചു. ഇതിനിടെ തിരച്ചിൽ അവസാനിപ്പിച്ചാൽ രാജ്യ വ്യാപകമായി ലോറികൾ പണിമുടക്കി പ്രതിഷേധിക്കുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി.
അർജുനായുള്ള തെരച്ചിൽ ഒമ്പതാം ദിവസം പുരോഗമിക്കുമ്പോഴും പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. ആധുനിക സംവിധാനങ്ങൾ ഉള്ള മിഷനുകൾ എത്തുന്നതോടെ അർജുനെ കണ്ടെത്താൻ ആകുമെന്ന് കുടുംബം വിശ്വസിക്കുന്നു. കോഴിക്കോട് സേവ് അർജുൻ ഫോറത്തിന്റെ നേതൃത്വത്തിൽ ലോറി ഉടമകളും തൊഴിലാളികളും നാട്ടുകാരും കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അർജുനെ കണ്ടെത്തും വരെ തിരച്ചിൽ നടത്തണമെന്ന് ലോറി ഉടമകൾ ആവശ്യപ്പെട്ടു.
ദേശീയപാത അതോരിറ്റിക്ക് സംഭവിച്ച വിഴ്ചയുടെ ഇരയാണ് അർജുനെന്നും ഇനി ഒരപകടത്തിന് വഴിവെക്കാതെ നടപടി സ്വീകരിക്കണമെന്നും ലോറി ഉടമകളും തൊഴിലാളികളും പറയുന്നു
അതേസമയം നദിയിൽ ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ ഷിരൂരിൽ എത്തിച്ചത്. നേരത്തെ സാങ്കേതിക തകരാറിനെ തുടർന്ന് ബൂം യന്ത്രം എത്തിക്കുന്നത് വൈകിയിരുന്നു.