സംസ്ഥാനത്ത് കനത്ത മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വ്യാപക നാശനനഷ്ടം... #Kerala_Rain

 


സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ  കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വ്യാപക നാശനനഷ്ടം. പരസ്യ ബോര്‍ഡുകള്‍ മറിഞ്ഞുവീണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. ശക്തമായ കാറ്റിൽ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്. ഇതേത്തുടര്‍ന്ന് കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. ഇതേസമയം എതിരേ വരുകയായിരുന്ന ബൈക്കും കാറ്റില്‍ ദിശ തെറ്റി മറിഞ്ഞു.

അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി. കൃഷി ആവശ്യങ്ങള്‍ക്കായുള്ള നെല്‍വിത്തും കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേല്‍ക്കൂര ഷീറ്റും തകര്‍ന്നു. കൂടാതെ 60 ഓളം ഏത്തവാഴ ഉള്‍പ്പെടെയുള്ള കൃഷിയും ഒടിഞ്ഞു വീണ് നശിച്ചു. വാട്ടര്‍ ടാങ്ക് നിലത്ത് വീണു.

സമീപത്തെ തീര്‍ത്ഥം വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം ഓഫീസിന്റെ ചില്ലുകൾ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. നാശനഷ്ടങ്ങള്‍ പൂര്‍ണമായും വിലയിരുത്തിയിട്ടില്ല.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0