ഒരിപ്രം കാർത്തികയിൽ രാജേഷി (50) ന്റെ കൊലപാതകത്തിൽ വനിതാസുഹൃത്തായ സ്മിത അറസ്റ്റിലായതിന്റെ അമ്പരപ്പിൽ നാട്ടുകാർ. ആർക്കും ഒരു സംശയത്തിനും ഇടനൽകാതെയായിരുന്നു രാജേഷിന്റെ മരണാനന്തരചടങ്ങുകളിൽ സ്മിതയുടെ പെരുമാറ്റം.
രാജേഷിന്റെ സുഹൃത്ത് എന്നനിലയിൽ സ്മിതയെ രാജേഷിന്റെ അടുത്തബന്ധുക്കൾക്ക് അറിയാമായിരുന്നു. ഇങ്ങനെയൊരു ചതി സ്മിതയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഇവരും കരുതിയില്ല. ആരോ ഫോണിൽ വിളിച്ചറിയിച്ചാണ് രാജേഷിന്റെ മരണം താൻ അറിഞ്ഞതെന്നാണ് സ്മിത രാജേഷിന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. രാജേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയതുമുതൽ സംസ്കാരം കഴിയുന്നതുവരെ എല്ലാക്കാര്യത്തിലും സ്മിത സജീവമായി ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങിയവരോടൊപ്പവും മൃതദേഹത്തോടൊപ്പം ആംബുലൻസിലും സ്മിതയുണ്ടായിരുന്നു. രാജേഷിന്റെ ബന്ധുക്കളോട് താൻ മൃതദേഹത്തിൽ കോടിസമർപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്നും സ്മിത തിരക്കിയിരുന്നു.
രാജേഷും സ്മിതയും തമ്മിലുള്ള അടുപ്പത്തിന് പത്തുവർഷത്തിനടുത്ത് പഴക്കമുണ്ടെന്ന് രാജേഷിന്റെ ബന്ധുക്കൾ പറയുന്നു. രാജേഷിന്റെ മദ്യപാനം കാരണം രണ്ടുവർഷം മുൻപ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതിൽ ഒരു ആൺകുട്ടിയുണ്ട്. ഈ കുട്ടി രാജേഷിനൊപ്പമായിരുന്നു.
ഈ കുട്ടിയുമായി സ്മിതയ്ക്ക് നല്ല അടുപ്പമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
അടുത്തകാലത്ത് രാജേഷ് ആശുപത്രിയിലായിരുന്ന സമയത്തൊക്കെ പരിചരിച്ചിരുന്നത് സ്മിതയായിരുന്നു. ഇവർ ഒരുമിച്ച് നടത്തിയിരുന്ന വിവാഹബ്യൂറോവഴി തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു.
ഇതുസംബന്ധിച്ച് തെന്മല പോലീസിൽ ഉണ്ടായിരുന്ന കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. രാജേഷ് നടത്തിയിരുന്ന വിവാഹബ്യൂറോ പിന്നീട് സ്മിതയുടെ കൈവശം വന്നുചേർന്നതിനെക്കുറിച്ചും സംശയം ഉയരുന്നുണ്ട്.