കോയമ്പത്തൂരിൽ അപ്പാർട്ട്‌മെൻ്റിൻ്റെ സൺഷെയ്‌ഡിൽ കുടുങ്ങിയ കുഞ്ഞിനെ അയൽവാസികൾ രക്ഷപ്പെടുത്തിയ ശേഷം കുഞ്ഞിൻ്റെ അമ്മ ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശി വെങ്കിടേഷിൻ്റെ ഭാര്യ രമ്യ (33) ആണ് മരിച്ചത്. കാരമടയിലെ മാതാപിതാക്കളുടെ വീട്ടിൽ കഴിയവേയാണ് രമ്യ ആത്മഹത്യ ചെയ്തത്. ഈ സമയം രമ്യ വീട്ടിൽ തനിച്ചായിരുന്നു. കുഞ്ഞ് സൺഷെയ്ഡിൽ വീണതിനെ തുടർന്ന് കടുത്ത സൈബർ ആക്രമണമാണ് രമ്യ നേരിട്ടതെന്ന് പോലീസ് പറഞ്ഞു.
ചെന്നൈ തിരുമുല്ലൈവോയലിലെ അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൻ്റെ നാലാം നിലയിലാണ് രമ്യയും കുടുംബവും താമസിച്ചിരുന്നത്. ഇവർക്ക് നാല് വയസ്സുള്ള ആൺകുട്ടിയും ഏഴ് മാസം പ്രായമുള്ള പെൺകുട്ടിയും ഉണ്ട്. കഴിഞ്ഞ മാസം 28ന് ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് ഏഴുമാസം പ്രായമുള്ള കുഞ്ഞ് കാല് വഴുതി താഴെയുള്ള സണ് ഷേഡിലേക്ക് വീഴുകയായിരുന്നു.
കുഞ്ഞ് വീഴുന്നത് കണ്ട് അയൽവാസികൾ രക്ഷാപ്രവർത്തനം നടത്തി. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ സംഭവത്തിന് ശേഷം വെങ്കിടേഷും രമ്യയും മക്കളോടൊപ്പം കോയമ്പത്തൂരിലെ കാരമടയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. പ്രാഥമിക അന്വേഷണത്തിൽ രമ്യയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായതെന്നും ഇവരുടെ അശ്രദ്ധയാണ് കുഞ്ഞിൻ്റെ അപകടത്തിന് കാരണമായതെന്നും പോലീസിന് വ്യക്തമായി. രമ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണ്.