മേഘാലയയിലെ ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. ഇന്ത്യൻ ആർമി പോലീസിൽ ഹവിൽദാറായ അനീഷ് അവധിക്ക് ശേഷം മെയ് 12 ന് കുടുംബത്തോടൊപ്പം ജോലി സ്ഥലത്തേക്ക് പ്രവേശിച്ചു.
അത്തോളി കുന്നിൽക്കടവ് മരക്കടവിൽ പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ചിറാപുഞ്ചിലെ ലിങ്സിയാർ വെള്ളച്ചാട്ടത്തിൽ വിനോദയാത്രയ്ക്കിടെയാണ് അനീഷിൻ്റെ ദാരുണമായ അന്ത്യം സംഭവിച്ചത്.
2004ൽ സൈന്യത്തിൽ ചേർന്നു.മൃതദേഹം നാളെ (ചൊവ്വ) ഉച്ചയോടെ വീട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. അമ്മ യശോദ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു. സഹോദരങ്ങൾ: റാഷി, മിനി.