മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻവർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞ വർഷം നിരവധി വിദ്യാർത്ഥികൾക്ക് സീറ്റ് കിട്ടാതെ ബുദ്ധിമുട്ടിയിരുന്നു. ഇതോടെയാണ് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
കഴിഞ്ഞ വർഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റുകൾ വർധിപ്പിച്ചിരുന്നു.