ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ത്രസിപ്പിക്കുന്ന ജയം. കൊല്‍ക്കത്ത മുന്നട്ടുവച്ച 262റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 8 പന്ത് ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടയാണിത്. 48 പന്തിൽ പുറത്താകാതെ 108 റൺസെടുത്ത ജോണി ബെയർസ്റ്റോയാണ് പഞ്ചാബിൻ്റെ ടോപ് സ്കോറർ.
വൻ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ പഞ്ചാബിന് പ്രഭ്സിമ്രാനും ബെയർസ്റ്റോയും മികച്ച തുടക്കമാണ് നൽകിയത്. ബെയർസ്റ്റോ പതുക്കെ തുടങ്ങിയപ്പോൾ പ്രഭ്‌സിമ്രൻ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. വെറും 19 പന്തിൽ ഫിഫ്റ്റി നേടിയ താരം 20 പന്തിൽ 54 റൺസെടുത്ത ശേഷമാണ് റണ്ണൗട്ടായത്. ആദ്യ പവർപ്ലേയിൽ 93 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പ്രഭ്സിമ്രാൻ മടങ്ങിയത്. രണ്ടാം വിക്കറ്റിലെത്തിയ റിലി റൂസ്സോ അൽപം പൊരുതിയെങ്കിലും ഫോമിലുള്ള ബെയർസ്റ്റോ സ്‌കോറിംഗ് ചുമതലകൾ ഏറ്റെടുത്തു. സുനിൽ നരേന്‍ ഒഴികെ മറ്റെല്ലാവരും കീഴടങ്ങി. ബെയർസ്റ്റോ 24 പന്തിൽ അർദ്ധ സെഞ്ച്വറി നേടി. ഇതിനിടെ 16 പന്തിൽ 26 റൺസെടുത്ത റൂസോയെ സുനിൽ നരേന്‍ പുറത്താക്കി. രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോയ്‌ക്കൊപ്പം റൂസോ 85 റൺസ് കൂട്ടിച്ചേർത്തു.