തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കർമ്മയോഗി, സാമവാക്യം, അന്യലോകം, ഫാദർ ആൻഡ് സൺ ആൻഡ് ഹോളി സ്പിരിറ്റ്, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങൾ. 1997ൽ പുറത്തിറങ്ങിയ കളിയാട്ടമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ.മുയൽ ഗ്രാമം, രവി ഭഗവാൻ, കത്തങ്ങ് നാഥങ്കങ്ങ് (ബാലസാഹിത്യം), ബാലൻ (ഓർമ്മക്കുറിപ്പുകൾ), പാവപ്പെട്ട കഥ, ജീര പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1983-ൽ ബാലസാഹിത്യത്തിനുള്ള യുവസാഹിത്യ അവാർഡും ദർശനം അവാർഡും മുയൽഗ്രാമിന് ലഭിച്ചു. ജയരാജ് സംവിധാനം ചെയ്യുന്ന കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ബൽറാം സിനിമയിലെത്തുന്നത്.
സി എം ജാനകിയമ്മയുടെയും സി എച്ച് പത്മനാഭൻ നമ്പ്യാരുടെയും രണ്ടാമത്തെ മകനായി 1962ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലാണ് ബൽറാം മട്ടന്നൂർ എന്ന സി എം ബൽറാം ജനിച്ചത്. കെ എൻ സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ പുല്ലൂപ്പി കമ്യൂണിറ്റി ശ്മശാനത്തിൽ.