തെലങ്കാന മുഖ്യമന്ത്രിയുമായി സംസാരിച്ച് വി.ഡി സതീശൻ ... #Attack


 തെലങ്കാനയിലെ സ്കൂളിന് നേരെ സംഘപരിവാർ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി സംസാരിച്ചു. അക്രമിസംഘത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രിൽ 16-ന് കത്തോലിക്കാ മാനേജ്മെൻ്റിൻ്റെ കീഴിലുള്ള സെൻ്റ്. മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. കാവി വസ്ത്രം ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ അക്രമിസംഘം ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന മദർ തെരേസയുടെ പ്രതിമയ്ക്ക് നേരെ കല്ലെറിയുകയും സ്‌കൂളിൻ്റെ ജനാലകൾ തകർക്കുകയും ചെയ്തു. അക്രമത്തിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് തെലങ്കാന മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചത്.