സംസ്ഥാനത്ത് നാളെ (07 നവംബർ 2023) കെഎസ്‌യു പഠിപ്പ് മുടക്കും. #KSUStrike

സംസ്ഥാനത്ത് നാളെ കെഎസ്‌യു സമരം നടത്തും.  കേരള വർമ കോളജ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരവുമായി സഹകരിക്കണമെന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
 പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  ഇത് പരാജയപ്പെട്ടതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി.  ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നാസിയക്ക് പരിക്കേറ്റു.  നാസിയയുടെ മുഖത്താണ് അടിയേറ്റത്.  ജില്ലാ കമ്മിറ്റി അംഗം അഭിജിത്തിന്റെ തലയ്ക്കും പരിക്കേറ്റു.  പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ റോഡ് ഉപരോധിച്ചു.  ഇതിനിടെ കേരളീയത്തിന്റെ പ്രചരണ സാമഗ്രികളും പ്രവർത്തകർ നശിപ്പിച്ചു.

  അതിനിടെ, കോടതിയിൽ കെഎസ്‌യുവിന് തിരിച്ചടി, തൃശൂർ കേരളവർമ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെഎസ്‌യുവിന്റെ ഹർജി ഹൈക്കോടതി തള്ളി.  വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.  തിരഞ്ഞെടുപ്പും എതിർ സ്ഥാനാർത്ഥിയെ ചെയർമാനാക്കുന്നതോ തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ മാനേജരുടെയും പ്രിൻസിപ്പലിന്റെയും വാദം കേൾക്കുമെന്നും വ്യക്തമാക്കി.