തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കുട്ടിയെ ചിറയിൻകീഴിൽ കണ്ടെത്തി. വടശ്ശേരിയിൽ നിന്നാണ് നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനു പിന്നാലെയാണ് ഈ കണ്ടെത്തൽ. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി.
നാടോടി സംഘത്തിൽപ്പെട്ട നാരായണൻ, ഭാര്യ ശാന്തി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സംശയം തോന്നിയപ്പോൾ ഇവരുടെ കയ്യിൽ കുഞ്ഞിനെ കണ്ടെത്തി. റെയിൽവേ സ്റ്റേഷനിൽ കൈക്കുഞ്ഞുമായി നടക്കുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയെയും കുട്ടിയെയും തമിഴ്‌നാട് പോലീസിന് കൈമാറി. ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നാണ് സൂചന.