ഉത്തർപ്രദേശ് : എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരൻ മരിച്ചു, ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തിൽ കോൺക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകർന്നു. ഇത് സമീപവാസികളിൽ പരിഭ്രാന്തി പരത്തിയതായി പോലീസ് പറഞ്ഞു.
മരിച്ച ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വലിയ ശബ്ദം കേട്ടതായി മരിച്ച കുട്ടിയുടെ അയൽവാസിയായ വിനീത പറഞ്ഞു. “സിലിണ്ടർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് ഞാൻ കരുതി. ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി. അപ്പോഴാണ് അയൽവാസിയുടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടത്- വിനീത പറഞ്ഞു.
എൽഇഡി ടിവി പൊട്ടിത്തെറിക്കുമ്പോൾ ഒമേന്ദ്രയും അമ്മയും സഹോദരന്റെ ഭാര്യയും സുഹൃത്ത് കരണും മുറിയിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമേന്ദ്ര ആശുപത്രിയിൽ വച്ച് മരിച്ചു. അമ്മയും കരണും ചികിത്സയിലാണ്.
സ്‌ഫോടനം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നുവെന്ന് മരിച്ച ഒമേന്ദ്രയുടെ കുടുംബാംഗമായ മോണിക്ക പറഞ്ഞു. ശക്തമായ സ്‌ഫോടനമാണ് ഉണ്ടായത്.വീടൊന്നാകെ കുലുങ്ങി. മതിലിന്റെ ചില ഭാഗങ്ങൾ തകർന്നുവീണു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.