#KASARGOD : വൈദ്യുതി ലൈനിൽ കയറിയ അന്യസംസ്ഥാന തൊഴിലാളി ജനങ്ങളെയും പോലീസിനെയും പരിഭ്രാന്തരാക്കിയത് മണിക്കൂറുകളോളം...


വിഭ്രാന്തിയുള്ള അതിഥി തൊഴിലാളി വൈദ്യുതി ലൈനിലേക്ക് കയറി മണിക്കൂറുകളോളം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും വലച്ചു.  കാസർകോട് കാഞ്ഞങ്ങാട്ടാണ് സംഭവം.  മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ യുവാവിനെ പ്രയാസപ്പെട്ട് താഴെയിറക്കി.  കാഞ്ഞങ്ങാട് പൈറഡുക്കയിലെ വീടുകളിൽ കയറി ഇറങ്ങിയ അതിഥി തൊഴിലാളിയെ മോഷ്ടാവാണെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടാൻ ശ്രമിച്ചു.  ഇതോടെ ഓടി ട്രാൻസ്ഫോമറിൽ കയറി.
ഭയന്ന നാട്ടുകാർ ഉടൻ കെഎസ്ഇബി ഓഫീസിൽ വിവരമറിയിക്കുകയും പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.  കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ഉയർന്ന വൈദ്യുതി തൂണിൽ കയറി.  ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി ഗോവണി മുകളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വൈദ്യുതി കമ്പിയിൽ കയറി. 

ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ :

 അഗ്നിരക്ഷാസേനാംഗങ്ങൾ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, പോലീസ്, കെഎസ്ഇബി ജീവനക്കാർ, നാട്ടുകാർ എന്നിവരെല്ലാം പരിക്കേൽക്കാതിരിക്കാൻ നിലയുറപ്പിച്ചു.  ഒരുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് വൈദ്യുതിത്തൂണിൽ കയറി യുവാവിനെ താഴെയിറക്കി.  യുവാവിന് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും ശനിയാഴ്ച രാവിലെ മൂന്നാംമൈലിലെ സ്നേഹാലയത്തിൽ നിന്ന് ചാടിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.  തുടർന്ന് അധികൃതർ യുവാവിനെ സ്‌നേഹാലയത്തിലെത്തിച്ചു.