തിരുവനന്തപുരം ജില്ലയിൽ കെഎസ്ഇബി സ്ഥാപിച്ച 145 ചാർജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് സർക്കാർ കിഫ്ബി വഴി 756 കോടി നൽകും. ഇതിന്റെ 25 ശതമാനവും ഇലക്ട്രിക് ബസുകൾക്കുള്ളതാണെന്നും മന്ത്രി പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് കെഎസ്ഇബിക്ക് എട്ട് കോടി രൂപ അനുവദിച്ചു. ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം, ഒറ്റ ചാർജിൽ സഞ്ചരിക്കുന്ന ദൂരം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ വളരെ വേഗം ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ചാർജ് ചെയ്യുന്നതിനായി 1165 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 141 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകൾ സ്ഥാപിക്കുന്നുണ്ട്.
പട്ടം വിദ്യാഭവനിൽ ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. തുടർന്ന് മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ഓരോ നിയോജക മണ്ഡലത്തിലും കുറഞ്ഞത് 15 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി.സ്റ്റീഫൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.