#Amputation : ആംപ്യൂട്ടേഷനെതിരെയുള്ള ഇന്ത്യയിലെ പ്രഥമ കമ്യൂണിറ്റി സ്ക്രീനിംഗ് പ്രോഗ്രാമുമായി റോട്ടറി - സ്റ്റാർകെയർ - വാസ്‌ക് സഖ്യം.

കോഴിക്കോട് : യഥാസമയത്തെ പരിശോധനകളിലൂടെയും ചികിത്സയിലൂടെയും പ്രമേഹാനന്തരമുള്ള കാൽ മുറിച്ചുമാറ്റൽ (ആംപ്യൂട്ടേഷൻ) തടയാമെന്നത് ലക്ഷ്യമിട്ടുള്ള സേ നോ ടു ആംപ്യൂട്ടേഷൻ ക്യാമ്പയിനുമായി റോട്ടറി ക്ലബ് ഓഫ് കലിക്കറ്റ് ഹൈ ലൈറ്റ് സിറ്റി, സ്റ്റാർകെയർ ഹോസ്പിറ്റൽ, വാസ്കുലാർ സൊസൈറ്റി ഓഫ് കേരള സഖ്യം. ഇതിനായുള്ള പ്രത്യേക വാഹനം സെപ്തംബർ 18 ഞായറാഴ്ച സീഷെൽസ് സൗവറി റെസിഡൻസിയിൽ വച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. കാലുകളെ ബാധിക്കുന്ന പെരിഫറൽ ആർട്ടീരിയൽ ഡിസീസ് ആണ് ആംപ്യൂട്ടേഷന് മുഖ്യകാരണം. ഇതിനെതിരായുള്ള കമ്യൂണിറ്റി സ്ക്രീനിംഗ് പ്രോഗ്രാം ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് നടക്കുന്നത്. കമ്മ്യൂണിറ്റി സ്‌ക്രീനിംഗ് പ്രോഗ്രാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പെരിഫറൽ ആർട്ടീരിയൽ ഡിസീസ് എന്ന രോഗത്തെ തത്സമയ പരിശോധനയിലൂടെ രോഗനിർണയം നടത്തുക, രോഗതീവ്രതയുടെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലുകളും പരിചരണവും ഉറപ്പുവരുത്തുക, ആംപ്യൂട്ടേഷൻ എന്ന വിപത്തിനെ പരമാവധി പ്രതിരോധിക്കുക, ആംപ്യൂട്ടേഷൻരഹിതകേരളം എന്ന ആശയത്തെക്കുറിച്ചുള്ള കൃത്യമായ അവബോധവും അറിവും നൽകുക എന്നിവയാണ്. ഈ ഉദ്യമത്തിൽ റോട്ടറി ക്ലബിന് വേണ്ട ക്ലിനിക്കൽ പരമായുള്ള സഹായം നൽകുന്നത് സ്റ്റാർകെയർ ഹോസ്പിറ്റൽ ആണ്. കൂടാതെ വാസ്കുലാർ സൊസൈറ്റി ഓഫ് കേരളയുടെ സജീവ പിന്തുണയും ഉണ്ട്. റോട്ടറി ക്ലബ് (ഹൈലൈറ്റ് സിറ്റി) പ്രസിഡണ്ട് ഡോ. സുനിൽ രാജേന്ദ്രൻ (സീനിയർ വാസ്കുലാർ സർജൻ - സ്റ്റാർകെയർ ഹോസ്പിറ്റൽ), പ്രമോദ് നായനാർ (റോട്ടറി ഇന്റർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ), അഡ്വ. മുസ്തഫ വി.എം (സെക്രട്ടറി - റോട്ടറി ക്ലബ് ), ക്യാപ്റ്റൻ ഹരിദാസ് എ.ജി (അസി. ഗവർണർ), പ്രൊഫ. ഡോ. ആർ. സി ശ്രീകുമാർ (വാസ്കുലർ സൊസൈറ്റി ഓഫ് കേരള സ്റ്റേറ്റ് പ്രസിഡണ്ട്), ഡോ. അബ്ദുള്ള ചെറയക്കാട്ട് (ചെയർമാൻ & മാനേജിംഗ്‌ ഡയറക്ടർ - സ്റ്റാർകെയർ ഹോസ്പിറ്റൽ), സത്യ (സി.ഇ.ഒ - സ്റ്റാർകെയർ ഹോസ്പിറ്റൽ) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
MALAYORAM NEWS is licensed under CC BY 4.0