സിനിമയിലും സീരിയലിലും യൂട്യൂബിലും കുട്ടികളെ അഭിനയിപ്പിക്കുന്നതിന് വിലക്ക്. നിർദ്ദേശം ദേശീയ ബാലാവകാശ കമ്മീഷന്റേത്. | Prohibition on child acting in movies, serials and YouTube. Recommendation by the National Commission for Child Rights.


കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികൾ ചലച്ചിത്ര മേഖലകളിൽ ചൂഷണത്തിന് ഇരയാകുന്നുവെന്ന നിരവധി പരാതികളുടെ പശ്‌ചാത്തലത്തിലാണ് പുതിയ നിർദ്ദേശങ്ങളുമായി കമ്മീഷൻ രംഗത്തെത്തിയത്.

ആറു വയസിൽ താഴെയുള്ള കുട്ടികളെ ശക്‌തമായ വെളിച്ചത്തിന്റെ കീഴിൽ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്നും കമ്മീഷൻ നിർദ്ദേശം നൽകി.

എന്നാൽ മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടല്‍, പ്രതിരോധ ബോധവൽക്കരണ പരിപാടികളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.

● കുട്ടികള്‍ക്ക് കരാര്‍ പാടില്ല. ● പരമാവധി 27 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കണം. ● ആറ് മണിക്കൂറിലധികം തുടര്‍ച്ചയായി അഭിനയിപ്പിക്കരുത്. ● മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ വിശ്രമത്തിന് ഇടവേള നല്‍കണം.

കൂടാതെ കുട്ടികളുടെ കാണ്‍കെ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സെറ്റിലുള്ളവര്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.


ഷൂട്ടിംഗിന് മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം നിര്‍ദ്ദേശങ്ങള്‍ സിനിമക്ക് പുറമെ, ഒടിടി പ്ളാറ്റ് ഫോമുകള്‍, യൂട്യൂബ്, ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സോഷ്യല്‍ മീഡിയ വെബ്സൈറ്റുകൾ എന്നിവക്കും ബാധകമാണെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്‌തമാക്കി.