ബിജെപി വിട്ട് പത്മജവേണുഗോപാൽ: 'ആശയങ്ങളറിയാതെ എടുത്തുചാടി, തെറ്റ് തിരുത്തി, തിരിച്ച് കോൺഗ്രസ്സിലേക്കോ ? #PadmajaVenugopal

Post Image
മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാൽ ബിജെപി വിട്ടു. പാർട്ടിയുടെ ആശയങ്ങളെക്കുറിച്ച് അറിയാതെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അതൊരു തെറ്റായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനാലല്ല പാർട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. രാജിക്കത്ത് ഇമെയിൽ വഴിയാണ് സമർപ്പിച്ചത്.

രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരൻ കെ. മുരളീധരനോടായിരുന്നുവെന്ന് പത്മജ വെളിപ്പെടുത്തി. "ചേട്ടനെ തിരിച്ചുകിട്ടി, അതാണ് വലിയ സന്തോഷം, ഇനി മറ്റൊന്നും വേണ്ട" എന്നായിരുന്നു അവരുടെ പ്രതികരണം. തെറ്റുപറ്റിയാൽ അത് ഉറക്കെ വിളിച്ചുപറയണമെന്ന് തന്നെ പഠിപ്പിച്ചത് അച്ഛൻ കെ. കരുണാകരനാണെന്നും അവർ കൂട്ടിച്ചേർത്തു. ജീവിതത്തിൽ ഇന്നുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ നേരിൽ കണ്ടിട്ടില്ലെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി തനിക്ക് യാതൊരു വാഗ്ദാനങ്ങളും നൽകിയിരുന്നില്ലെന്നും താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അവർ പറഞ്ഞു. കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും, കോൺഗ്രസിലെ പദവി കണ്ടല്ല താൻ രാജിവെച്ചതെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽനിന്ന് പത്മജ വിട്ടുനിൽക്കുകയായിരുന്നു. പാർട്ടിയുടെ പ്രധാന പരിപാടികളിലും അവരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കാത്തതാണ് പാർട്ടി പ്രവർത്തനം മതിയാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നായിരുന്നു പത്മജയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. 2024 മാർച്ച് മാസത്തിലാണ് കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്ന പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നെന്ന് ആരോപിച്ചു കോൺഗ്രസ് വിട്ട് ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിച്ചത്.


Hashtags: #PadmajaVenugopal #BJPKerala #KeralaPolitics #KMuraleedharan #KeralaNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0