കേരളത്തിൽ മഴ കനക്കുന്നു: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രത തുടരും #KeralaRain

Post Image
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

വടക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ തെക്കൻ ഒഡിഷയ്ക്കും മുകളിലായി രൂപപ്പെട്ട അതി തീവ്ര ന്യൂനമർദ്ദമാണ് നിലവിലെ മഴയ്ക്ക് കാരണം. ഈ ന്യൂനമർദ്ദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ക്രമേണ ദുർബലമായി തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലും വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിച്ച് ഇത് ദുർബലമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 26 രാത്രി 11.30 വരെയാണ് മുന്നറിയിപ്പ്. കേരള തീരത്ത് 0.3 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 0.9 മുതൽ 1.6 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഇൻകോയിസ് അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുകയും, ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കുകയും വേണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും, ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൂർണ്ണമായി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.


Hashtags: #KeralaRain #RainAlert #YellowAlert #Kallakkadal #SeaWarning #KeralaNews #WeatherUpdate #IMD
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0