കേരളം പനിക്കിടക്കയിൽ: പ്രതിദിനം പതിനായിരം പേർക്ക് രോഗം; മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് ജനം, ഒന്നും ചെയ്യാനാകാതെ സർക്കാർ. #KeralaFever

Post Image
ഇടവിട്ടുള്ള മഴയിൽ കേരളം വീണ്ടും പനിക്കിടക്കയിലായി. പ്രതിദിനം പതിനായിരത്തിനടുത്ത് പേരാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 9312 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, 20 ദിവസത്തിനുള്ളിൽ 2.09 ലക്ഷം പേർ രോഗബാധിതരായി. പാരാസെറ്റാമോൾ, ഐവി ഫ്ലൂയിഡ് മരുന്നുകളുടെ ക്ഷാമവും രോഗികളെ വലയ്ക്കുന്നുണ്ട്. ഡെങ്കിപ്പനി, ഇൻഫ്ലുവൻസ, എലിപ്പനി തുടങ്ങിയ രോഗങ്ങളും വ്യാപകമാകുന്നത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

കഴിഞ്ഞ ദിവസം 168 പേർക്കാണ് സംസ്ഥാനത്താകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 44 പേർക്ക് ഇൻഫ്ലുവൻസയും 16 പേർക്ക് എലിപ്പനിയും ബാധിച്ചു. ഈ മാസം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നിട്ടുണ്ട്. എലിപ്പനി വ്യാപനം രൂക്ഷമായിട്ടും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. തുലാവർഷത്തിന് മുന്നോടിയായുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഇനിയും ആരംഭിച്ചിട്ടില്ല.

മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ശക്തമായ പനി, തലവേദന, ശരീരവേദന, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ സഹായം തേടാനും പൂർണ വിശ്രമമെടുത്ത് ധാരാളം വെള്ളം കുടിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനായി വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ‘ഡ്രൈ ഡേ' ആചരിക്കണമെന്നും നിർദേശമുണ്ട്. ചിരട്ട, കുപ്പി, ടയർ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കാനും ജലസംഭരണികൾ മൂടിവയ്ക്കാനും കൊതുകുകടി പ്രതിരോധിക്കാൻ ശരീരമാസകലം മൂടുന്ന വസ്ത്രങ്ങളും കൊതുകുവലയും ഉപയോഗിക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായിട്ടും കെടുകാര്യസ്ഥത തുടരുകയാണ് സർക്കാർ. മരുന്ന് ടെൻഡർ നടപടികൾ മൂന്നുമാസത്തിലേറെ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അത്യാവശ്യ മരുന്നുകൾ പോലും ലഭിക്കാൻ 45 ദിവസത്തിലേറെ വൈകുമെന്നാണ് വിവരം. സാധാരണ മെയ് മാസത്തിൽ നൽകേണ്ട പർച്ചേസ് ഓർഡറുകൾ ഓഗസ്റ്റിലാണ് സർക്കാർ സ്വീകരിച്ചത്. കെഎംഎസ്സിഎൽ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയത് മരുന്ന് വിതരണത്തെ കാര്യമായി ബാധിച്ചു. താൽക്കാലിക പരിഹാരമായി സ്വകാര്യ ഫാർമസികളിൽ നിന്ന് കാരുണ്യവഴി മരുന്നുകൾ വാങ്ങാനുള്ള നിർദേശം സ്വകാര്യമേഖലയെ സഹായിക്കാനുള്ള നീക്കമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പ്രതിദിനം പതിനായിരം പേർ പനിബാധിച്ച് ആശുപത്രിയിലെത്തുമ്പോൾ പാരസെറ്റാമോളോ ഐവി ഫ്ലൂയിഡോ പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിൽ സംസ്ഥാനത്തുള്ളത്.


Hashtags: #Kerala #Fever #Dengue #MedicineShortage #HealthCrisis #MonsoonIllness #PublicHealth #KeralaNews #MedicalEmergency
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0