സിഎംആർഎൽ പണമിടപാട്: ഉമ്മൻചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം യുഡിഎഫ് നേതാക്കൾക്കും കോടികൾ ലഭിച്ചെന്ന് മൊഴി #CMRL

Post Image
തിരുവനന്തപുരം: സിഎംആർഎൽ (CMRL) കമ്പനിയിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കമുള്ള യുഡിഎഫ് നേതാക്കൾ കോടികൾ കൈപ്പറ്റിയെന്ന് മൊഴി. സിഎംആർഎൽ സിഎഫ്ഒ കെ.എസ്. സുരേഷ് കുമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴിയിലാണ് ഈ നിർണായക വെളിപ്പെടുത്തൽ.

നേരത്തെ ഐടി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് നൽകിയ മൊഴി ഇഡിക്ക് മുന്നിലും സുരേഷ് കുമാർ ആവർത്തിക്കുകയായിരുന്നു. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിൽ ഉണ്ടായിരുന്ന കെ.കെ, എ.ജി, ഒ.സി, പി.വി, ഐ.കെ, ആർ.സി തുടങ്ങിയ ചുരുക്കപ്പേരുകൾ ആരുടേതാണെന്ന് അദ്ദേഹം ഇഡിക്ക് മുന്നിൽ വിശദീകരിച്ചു. 2024 ഏപ്രിലിലാണ് സുരേഷ് കുമാർ ഇഡിക്ക് മൊഴി നൽകിയത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്ക് കുരുക്കാകുന്ന മൊഴിയാണ് ഇത്.

സിഎംആർഎല്ലിന്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് 2024-ലാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കം 12 പേരുകളുണ്ടായിരുന്നു. എന്നാൽ അന്ന് യുഡിഎഫ് നേതാക്കളുടെ പേരുകൾ പരാമർശിച്ചിരുന്നില്ല.

അതേസമയം, സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഇന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഘട്ടത്തിൽ പാർട്ടി ഫണ്ട് എന്ന നിലയിലാണ് പണം വാങ്ങിയതെന്നും, എത്ര പണമാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഈ പുതിയ വെളിപ്പെടുത്തലുകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.


Hashtags: #CMRL #KeralaPolitics #UDF #Scam #Corruption #RameshChennithala #PKKunhalikutty #OommenChandy #IbrahimKunju #KeralaNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0