മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്ന് ഇറക്കിവിടാം: സുപ്രീംകോടതിയുടെ നിർണായക വിധി #SupremeCourt

Post Image
ന്യൂഡല്‍ഹി: വയോജന സംരക്ഷണത്തിൽ നിർണായകമായ ഒരു വിധി പ്രസ്താവിച്ച് സുപ്രീംകോടതി. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിടാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമാണെങ്കിൽ മക്കളെ സ്വത്തിൽ നിന്ന് ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

ഉചിതവും അനിവാര്യവുമെങ്കിൽ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിക്കാൻ ട്രൈബ്യൂണലുകൾക്ക് സാധിക്കുമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ പരിഗണിച്ച് വേണം നിയമത്തെ വ്യാഖ്യാനിക്കാനെന്നും കോടതി എടുത്തുപറഞ്ഞു.

പ്രായമേറുന്നു എന്നത് അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയ്ക്ക് കാരണമാകരുത്. മുതിർന്ന പൗരന്മാർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള 2007ലെ നിയമം ഈ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നിലവിൽ വന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.

ഉത്തർപ്രദേശിലെ ലക്നൗ വികാസ് നഗറിൽ എൺപത്തിയൊന്നുകാരിയായ അമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് രവികാന്ത് ഗുപ്ത എന്നയാൾ സ്വന്തം മകനുമായി നടത്തിയ നിയമപോരാട്ടമാണ് ഈ സുപ്രധാന വിധിക്ക് ആധാരം. രവികാന്തിന്റെ മകനും മരുമകളും മുത്തശ്ശിയെ വൃദ്ധസദനത്തിലാക്കിയതിനെ തുടർന്ന്, താൻ സമ്പാദിച്ച വീട്ടിൽ തന്റെ അമ്മയെ താമസിപ്പിക്കുന്നില്ലെന്ന പരാതിയുമായി രവികാന്ത് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നു. മകനും ഭാര്യയും വീട് ഒഴിയണമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ, അപ്പീൽ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കുകയും, തുടർന്ന് രവികാന്ത് സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു.


Hashtags: #SupremeCourt #ParentsRights #ElderlyCare #IndianLaw #LegalNews #FamilyLaw #JusticeForParents #India
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0