സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജാഗ്രതാ നിർദേശങ്ങൾ പുറത്ത് #HeavyRain

Post Image
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് മഴ ശക്തമാകാൻ കാരണമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.

ശക്തമായ കാറ്റ് സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമാകാറുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞു വീഴാനും സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകൾ വെട്ടിയൊതുക്കുകയും അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും ചെയ്യുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ അവ ബലപ്പെടുത്തുകയോ അഴിച്ചു മാറ്റുകയോ ചെയ്യണം.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെയും വീടിൻ്റെ ടെറസിൻ്റെയും സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുകയും വേണം. ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കണം. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കാൻ തയ്യാറാകണം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ എന്തെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ KSEB-യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ പൊതുജനങ്ങൾ നേരിട്ട് ഇറങ്ങാതിരിക്കുകയും KSEB ജീവനക്കാരുമായി സഹകരിക്കുകയും ചെയ്യണം. പത്രം, പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്നവരും വഴികളിലെ വെള്ളക്കെട്ടുകളിലും പാടത്തും വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മുന്നോട്ട് പോകണം.


Hashtags: #KeralaRain #YellowAlert #WeatherUpdate #IMD #SafetyFirst #MonsoonKerala
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0