പുന്നമടയിൽ ആവേശം അണപൊട്ടും! 72-ാം നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇന്ന്. #NehruTrophy

Post Image
ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് പുന്നമടക്കായൽ ഒരുങ്ങി. 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമടയിൽ നടക്കും. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ ജലരാജാക്കൻമാരാകാൻ മാറ്റുരയ്ക്കുന്നത്. രാവിലെ 11 മണിയോടെ മത്സരങ്ങൾ ആരംഭിക്കും. മുഖ്യമന്ത്രി വി ഡി സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരാണ് മുഖ്യാതിഥികൾ.

ഉദ്ഘാടന സമ്മേളനത്തിനുശേഷം ചുണ്ടൻവള്ളങ്ങളുടെ ആറ് ഹീറ്റ്സുകളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും. നിലവിലെ ചാമ്പ്യന്മാരായ വില്ലേജ് ബോട്ട് ക്ലബ് ഒന്നാം ഹീറ്റ്‌സിൽ ഒന്നാം ട്രാക്കിൽ മത്സരിക്കുമ്പോൾ, കഴിഞ്ഞതവണ ഡബിൾ ഹാട്രിക്ക് നഷ്ടമായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് വാശിയേറിയ പോരാട്ടത്തിനാണ് എത്തുന്നത്. ഏറെ ആരാധകരുള്ള യുബിസി ഇത്തവണ മത്സരത്തിനില്ലെങ്കിലും കൈനകരിയിൽ നിന്ന് യുബിസി ഫാൻസ് ക്ലബ് എന്ന പേരിൽ പുതിയ ക്ലബ്ബ് പുന്നമടയിലെ ആവേശത്തിൽ പങ്കുചേരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് ആരാധകരാണ് ആവേശത്തിരയിൽ അലിഞ്ഞുചേരാൻ ആലപ്പുഴയിൽ എത്തിയിരിക്കുന്നത്.

ജലോത്സവം പ്രമാണിച്ച് ഇന്ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. സ്പീഡ് ബോട്ട് അടക്കമുള്ള ജലയാനങ്ങളുടെ സഞ്ചാരത്തിനും ഡ്രോണുകളുടെ ഉപയോഗത്തിനും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് വള്ളംകളി നടത്തുന്നത്. ഇരിപ്പിടങ്ങൾ തിരിച്ചറിയാൻ പ്രത്യേക കളർ കോഡുകളും ആളുകളെ ബോട്ട് ജെട്ടികളിൽ നിന്ന് കൊണ്ടുപോകാൻ യാത്രാബോട്ടുകളും ക്രമീകരിച്ചിട്ടുണ്ട്.

വള്ളംകളിയെ തുടർന്ന് ആലപ്പുഴയിൽ ഇന്ന് ഗതാഗത നിയന്ത്രണവുമുണ്ട്. എറണാകുളം, കൊല്ലം ഭാഗങ്ങളിൽ നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾക്കും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന ബസുകൾക്കും പ്രത്യേകം റൂട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവ്വീസും ലഭ്യമാണ്.


Hashtags: #NehruTrophy #BoatRace #Alappuzha #Punnamada #KeralaTourism #നെഹ്‌റുട്രോഫി #വള്ളംകളി #ആലപ്പുഴ #കേരളം #ജലോത്സവം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0