ഇറാൻ ഹോർമുസ് അടച്ചു, കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് ഭീഷണി; കുവൈത്ത് വ്യോമപാത തുറന്നു #iran-shuts-hormuz-strait-threatens-ships-kuwait-opens-airspace

Post Image
വാഷിങ്ടൻ ∙ തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമിച്ച് യുഎസും ഇറാനും. ഉടൻ സമാധാന കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഈയാഴ്ചയാദ്യം ഹോർമുസ് കടലിടുക്കിനു സമീപം യുഎസിന്റെ അപ്പാച്ചി ഹെലികോപ്റ്റർ വെടിവച്ചിട്ടതോടെയാണു സംഘർഷം രൂക്ഷമായത്. ഇത് ഇറാനിലെയും മേഖലയിലെ യുഎസ് താവളങ്ങളിലെയും തുടർ ആക്രമണങ്ങൾക്കു വഴിവച്ചു.

ഫെബ്രുവരി അവസാനം യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തോടെ തുടങ്ങിയ യുദ്ധം ഇപ്പോൾ നാലാം മാസത്തിലാണ്. വ്യാഴാഴ്ച അർധരാത്രിക്കു ശേഷമാണ് ഇറാനിലുടനീളമുള്ള സൈനിക നിരീക്ഷണ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണം തുടങ്ങി നാലു മണിക്കൂറിനുശേഷം പൂർത്തിയായതായി സൈന്യം വ്യക്തമാക്കി. അതിനിടെ, സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചെങ്കിലും പിന്നീടു തുറന്നു.

യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഏത് കപ്പലിനു നേരെയും വെടിവയ്ക്കുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി. യുഎസിന്റെ രണ്ട് കപ്പലുകൾക്കു നേരെ ഇറാൻ വെടിയുതിർത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കടലിടുക്ക് അടച്ചിട്ടില്ലെന്നും ഒരു കപ്പലിനും കേടുപറ്റിയിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് പറയുന്നും. വാണിജ്യ കപ്പലുകൾ ഇപ്പോഴും കടലിടുക്കിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് അവർ അറിയിച്ചു.

സിരിക്, കർഗാൻ, ബന്ദർ അബ്ബാസ്, മിനാബ്, കരാജ് തുടങ്ങിയ നഗരങ്ങളിലും കാസ്പിയൻ കടലിനു സമീപമുള്ള വരമിനിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യം ഇറാനിലുടനീളം വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഹോർമുസ് അടയ്ക്കുന്നതായുള്ള ഇറാന്റെ പ്രഖ്യാപനം. ഇറാനെ കരാറിലേക്ക് നിർബന്ധിക്കാനാണ് ഈ നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇറാന് നേരെ സൈന്യം ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണ പരമ്പര ഒരു രാത്രികൊണ്ട് അവസാനിക്കില്ലെന്ന സൂചനയും അദ്ദേഹം നൽകി. ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ റവല്യൂഷനറി ഗാർഡ് മിസൈൽ തൊടുത്തതായി ഇറാൻ സൈന്യം പറഞ്ഞു.


Hashtags: #IranUSTension #HormuzStrait #MiddleEastConflict #DonaldTrump #InternationalNews #WorldNews #IranNews #USNews #ManoramaOnline
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0