ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം #Thodupuzha

 


തൊടുപുഴ: ഉറവപ്പാറയിൽ 13-കാരി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശിനി നഫീസത്തുൾ മിസ്രിയയാണ് മരിച്ചത്. അഫ്‌സൽ-നൗഫിയ ദമ്പതികളുടെ മകളാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. തൊടുപുഴയ്ക്ക് സമീപമുള്ള ഉറവപ്പാറയിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. പാറക്കെട്ടിൽ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. അഫ്‌സലിനും, പ്രദേശവാസിയായ ഒരു യുവാവിനും ഇടിമിന്നലേറ്റു. ഇവർ ചികിത്സയിലാണ്.

ഉറവപ്പാറയിൽ ശക്തമായ മഴയും മിന്നലും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്. മിന്നലേറ്റ് ഉടൻ തന്നെ മൂവരെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ പെൺകുട്ടി മരിച്ചിരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില ഗുരുതരമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. നാളെയാണ് സംസ്‌കാരം.

ജാഗ്രത വേണം

സംസ്ഥാനത്ത് ഏപ്രിൽ ഏഴു വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0