ബക്കളത്തെ അബ്ദുൽ ഖാദറിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് #Thaliparamba


 തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങര കുറ്റിപ്പുറം പീടികയ്ക്കു സമീപത്തെ മൊട്ടൻ്റകത്ത് പുതിയപുരയിൽ അബ്ദുൾഖാദറി (38)നെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ചൊവ്വാഴ്‌ച തുടങ്ങും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ ജഡ്ജ് കെ എൻ പ്രശാന്ത് മുൻപാകെയാണ് കേസ് ആരംഭിക്കുന്നത്. വായാട് സ്വദേശികളായ അബ്ദുൾ ഖാദറിൻ്റെ ഭാര്യ ഷെരീഫ, നൗഷാദ്, ശിഹാബുദ്ദീൻ, മുഹാസ്, സിറാജ്, അബ്ദുള്ളക്കുട്ടി, റാഷിദ്, അബ്ദുൾലത്തീഫ്, നവാസ്, മനാഫ് എന്നിവരാണ് പ്രതികൾ. പ്രതികൾ മുസ്ലീം ലീഗുകാരാണ്.

2017 ജനുവരി ഒന്നിനാണ് അബ്ദുൾഖാദറിനെ മൃഗീയമായി കൊലപ്പെടുത്തിയത്. പുലര്ച്ചെ രണ്ടോടെ വായാടുനിന്നെത്തിയ സംഘം ബക്കളത്തെ വീടുവളഞ്ഞ് കിടന്നുറങ്ങുകയായിരുന്ന അബ്ദുൾഖാദറിനെ പിടിച്ചിറക്കി കൊണ്ടുപോയി വീടിന് സമീപത്തെ വയലിൽവച്ച് തല്ലിച്ചതച്ച്‌ മൃതപ്രായനാക്കുകയായിരുന്നു.. തുടർന്ന് കൈയ്യും കാലും കൂട്ടിക്കെട്ടി അക്രമി സംഘമെത്തിയ വാഹനത്തിലിട്ട് വായാട്ടേക്ക് കൊണ്ടുപോയി. വായാട് എത്തുംവരെയും വാഹനത്തിലിട്ട് മർദിച്ചു. മരണാസന്നനായി ചോരവാർന്നൊലിച്ച ഖാദറിനെ പരിയാരം തിരുവട്ടൂർ വായാട് ഗ്രൗണ്ടിന് സമീപം റോഡരികിൽ ഉപേക്ഷിച്ചു. ബനിയനും തോർത്തും അടിവസ്ത്ര വുമായിരുന്നു വേഷം. ശരീരംമുഴുവൻ മുറിവുകളും ചതവുകളുമായിരുന്നു. ഇരുകൈകളും അടിച്ചുപൊട്ടിച്ച് തൂങ്ങിയ നിലയിലായിരുന്നു. കാലുകൾ കൂട്ടിക്കെട്ടിയിരുന്നു. മണിക്കൂറുകളോളം റോഡരികിൽ കിടന്ന് രക്തം വാർന്നായിരുന്നു ദാരുണാന്ത്യം.

ഏറെ പ്രമാദമായ കേസ് ഒതുക്കിതീർക്കാൻ വായാട്ടുകാർ നടത്തിയ ശ്രമത്തിനെതിരെ ഉമ്മ ആയിഷ നടത്തിയ പോരാട്ടമാണ് കേസ് കോടതിയിലെത്തിച്ചത്. ഉമ്മ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് കേസിൽ ഭാര്യ ഷെരീഫയെ ഒഴിവാക്കി. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ആദ്യ ഘട്ട വിചാരണ. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. യു രമേശൻ ഹാജരാകും.

 abdul khader murder case

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0