വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 110 കിലോഗ്രാം കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാർ പിടിയിൽ #Colombo


കൊളംബോ:110 കിലോഗ്രാം കഞ്ചാവുമായി ഇരുപത്തിരണ്ട് ബുദ്ധ സന്യാസിമാർ പിടിയിൽ. ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നെഗോമ്പോയിലെ മജിസ്‌ട്രേറ്റ് കോടതി സന്യാസിമാരെ മെയ് രണ്ട് വരെ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് നാല് ദിവസത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സന്യാസി സംഘം. കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസ് നർകോട്ടിക് ബ്യൂറോയും നടത്തിയ സംയുക്ത പരിശോധനയിലാണ് 'കുഷ്' ഇനത്തിൽ പെട്ട കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തത്.

സന്യാസിമാരുടെ പക്കലുണ്ടായിരുന്ന സ്യൂട്ട്‌കേസുകളിൽ അറകൾ നിർമ്മിച്ചാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന് 31,88,01,000 രൂപ വിലവരുമെന്നാണ് വിവരം. ശ്രീലങ്കയിലുടനീളമുള്ള ക്ഷേത്രങ്ങളിലെ യുവ സന്യാസിമാരാണ് ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും പൊലീസ് പറഞ്ഞു.

പിടിയിലായവരിൽ ഭൂരിഭാഗവും 19-നും 28-നും ഇടയിൽ പ്രായമുള്ള യുവ സന്യാസിമാരാണ്. ഇവർക്കൊപ്പം യാത്രാസൂത്രണം ചെയ്ത 23-കാരനായ മറ്റൊരു സന്യാസിയെ കൊളംബോയിലെ പനഗോഡയിൽ നിന്ന് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

തായ്‌ലൻഡിലെ ചിലർ ദാനമായി നൽകിയ പാര്‍സലുകളാണ് ഇവയെന്നും വിമാനത്താവളത്തിന് പുറത്ത് ഒരു വാൻ ഇവ കൈപ്പറ്റാൻ വരുമെന്നുമായിരുന്നു സന്യാസിമാരുടെ മൊഴി. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് സന്യാസിവേഷം ഉപേക്ഷിച്ച് സാധാരണ വസ്ത്രത്തിൽ തായ്‌ലൻഡിൽ ഉല്ലാസയാത്ര നടത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ശ്രീലങ്കയിലെ മുതിർന്ന ബുദ്ധമത നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റിലായവർ സന്യാസി സമൂഹത്തിന് അപമാനമാണെന്നും അവരെ ഉടൻ തന്നെ സന്യാസി പദവിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. 

Massive drug bust at Sri Lankan airport; 22 Buddhist monks arrested with 110 kg of cannabis 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0