കണ്ണൂർ: കണ്ണൂരിൽ സൂര്യാതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണറ്റിൽ ജോലി ചെയ്യുന്നതിനിടെ സനൽ കുഴഞ്ഞുവീണു. അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകുകയും സാധാരണ താപനിലയേക്കാൾ നാലര ഡിഗ്രിയിൽ കൂടുതൽ താപനില വ്യത്യാസം അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ചൂടുള്ള കാലവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലിചെയ്യുന്നവരിലും പ്രായധിക്യമുള്ളവരിലും രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ ഉള്ളവരിലുമാണ് സൂര്യതാപം കൂടുതലായി കാണുന്നത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശിവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും അബോധാവസ്ഥ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഇവയ്‌ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ചൂട് മൂലമുള്ള തളര്‍ച്ചയോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കണം.
മുന്‍കരുതലുകള്‍ :
വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കൂടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക.
• വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക.
• കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
• ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
• കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
• ചുടു കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
• പ്രായാധിക്യമുള്ളവരുടേയും (65 വയസിന് മുകളില്‍) കുഞ്ഞുങ്ങളുടേയും (നാല് വയസ്സിന് താഴെയുള്ളവര്‍) മറ്റ് മരോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടേയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
• വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് (പ്രത്യേകിച്ച് ടിന്‍/ ആസ്ബസ്റ്റോസ് മേല്‍ക്കുരയാണെങ്കില്‍) പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്ന് ഇടുക.
• വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.