വിദേശ വിപണികളെ ആശ്രയിക്കാതെ കൊക്കോ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങി ഇന്ത്യ. ചോക്ലേറ്റ് പ്രേമികൾക്കും കർഷകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന 'നാഷണൽ മിഷൻ ഓൺ കൊക്കോ' എന്ന ബൃഹത് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിക്കുകയാണ്.
2040-ഓടെ കൊക്കോയുടെ വിദേശ ഇറക്കുമതി പൂർണമായും ഒഴിവാക്കി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലെ ചോക്ലേറ്റ്, ഭക്ഷണ സംസ്കരണ മേഖലകൾ അതിവേഗം വളരുന്നുണ്ടെങ്കിലും ആവശ്യമായ കൊക്കോയുടെ 20 ശതമാനം താഴെ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്.
പ്രതിവർഷം ഏകദേശം 7200 കോടി രൂപയോളം കൊക്കോ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിക്കുന്നുണ്ട്. 2040 ആകുമ്പോഴേക്കും രാജ്യത്തെ കൊക്കോയുടെ ആവശ്യം 4.67 ലക്ഷം ടണ്ണായി ഉയരുമെന്നതാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
കൊക്കോ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന ഈ നാഷണൽ മിഷൻ്റെ ഭാഗമായി ഗവേഷണ പരിശീലനങ്ങൾക്കായി പ്രത്യേക മികവിൻ്റെ കേന്ദ്രങ്ങൾ അഥവാ 'സെൻ്റർ ഓഫ് എക്സലൻസ്' രാജ്യത്ത് സ്ഥാപിക്കും.
കർഷകർക്ക് കൃഷി തുടങ്ങുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തികവും നയപരമായ പിന്തുണയും പദ്ധതി ഉറപ്പാക്കുന്നുണ്ട്.
കൂടാതെ, കൊക്കോയുടെ ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള ഘട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനവും ഒരുക്കും. ലോകത്തെ കൊക്കോ ഉൽപ്പാദനത്തിൻ്റെ ഭൂരിഭാഗവും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ കൈപ്പിടിയിലാണെങ്കിലും, സ്വന്തം മണ്ണിൽ കൊക്കോ വിപ്ലവം സൃഷ്ടിക്കുന്നതിലൂടെ ആ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ആമസോൺ തടങ്ങളിൽ നിന്നുള്ള വിളയായ കൊക്കോയ്ക്ക് ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. 15 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ആവശ്യത്തിന് മഴയും ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇത് നന്നായി വളരും. നിലവിൽ ഇന്ത്യയിൽ കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കൊക്കോ കൃഷിയിൽ മുന്നിൽ നിൽക്കുന്നത്.
പുതിയ പദ്ധതി വിജയിക്കുന്നതോടെ കർഷകർക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് മാത്രമല്ല, വന്‍തോതിലുള്ള വിദേശനാണ്യം ലാഭിക്കാനും ഇന്ത്യയ്ക്ക് സാധിക്കും. വിദേശ ചോക്ലേറ്റുകളോട് വിടപറഞ്ഞ് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന കൊക്കോ ഉപയോഗിച്ചുള്ള ചോക്ലേറ്റുകളിലേക്ക് മാറാനുള്ള വലിയൊരു ചുവടുവെപ്പുകൂടിയാണിത്.
India moves towards self-sufficiency in cocoa production

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.