കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി #Malappuram

 


മലപ്പുറം:നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. മാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ കഴിയുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്കാണ് മാല മോഷണം നടന്നത്. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിയതാണ് പരാതിക്കാരി. ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് സമീനയെ ശ്രദ്ധിച്ചത്. കുഞ്ഞുങ്ങളോട് കൊഞ്ചിക്കുഴയുന്ന സമീന ആളുകളുമായി സൗഹൃദം സ്ഥാപിച്ചു.

ഇതിനിടയിൽ പരാതിക്കാരിയുടെ കുട്ടിയുടെ അടുത്ത് സമീന എത്തി. എന്നാൽ, നീരസം അറിയിച്ചു. കുഞ്ഞുപെൺകുട്ടികളെ വലിയ ഇഷ്ടമെന്നും പറഞ്ഞ് സമീന മോഷണം ആസൂത്രണം ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ധരിച്ചിരുന്ന സ്വർണമാല കാണാതായി.

സമീനയുടെ കൈവശവും മാല കണ്ടെത്താനായില്ല. ഒടുവിൽ സംശയം തോന്നി സമീനയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ കാര്യം വ്യക്തമായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് സമീനയെ സ്കാൻ ചെയ്തു.

 തുടർന്ന് വയറ്റിൽ സ്വർണമാല ഉണ്ടെന്ന് ഉറപ്പാക്കി. പിന്നാലെയാണ് മാല പുറത്തുവരുന്നതിനുള്ള കാത്തിരിപ്പ് തുടങ്ങിയത്. ആഭരണം വീണ്ടെടുക്കാന്‍ അടവുകൾ പലതും പൊലീസ് പയറ്റിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ സമീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. തുടർന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൊണ്ടി മുതൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിൻ്റെ ഭാഗമായാണ് സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

 Woman who stole and swallowed gold necklace taken to Medical College Hospital

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0