ഇൻസ്റ്റഗ്രാം വഴി 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കണ്ണൂർ കൂവേരി സ്വദേശി അറസ്റ്റിൽ #POCSO

Post Image
തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണൂർ ചപ്പാരപ്പടവ് കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. പ്രണയം നടിച്ച് വിദ്യാർത്ഥിനികളുടെ നഗ്ന ദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു.

ഇൻസ്റ്റഗ്രാം വഴി ഒരു വിദ്യാർത്ഥിനിയെ പരിചയപ്പെട്ട അനുരാജ് പിന്നീട് ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും അടുപ്പം സ്ഥാപിച്ചു. തുടർന്ന് ഇരുവരുമായും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിനായി കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തുകയായിരുന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിജീവിതയുടെ വീട്ടിൽ കടന്നുകൂടിയ ഇയാൾ ആദ്യം ഒരു കുട്ടിയെ പീഡിപ്പിച്ചു.

തുടർന്ന് ഒന്നാമത്തെ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇരുവരെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. അർദ്ധരാത്രിയോടെ വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞത്.

ഈ സംഭവങ്ങൾക്ക് ശേഷം പ്രതി ഇരുവരുടെയും ഇൻസ്റ്റഗ്രാം ഐഡികൾ ബ്ലോക്ക് ചെയ്തു. മറ്റൊരു പെൺകുട്ടിയുമായി അനുരാജ് പ്രണയത്തിലായത് ആദ്യത്തെ പെൺകുട്ടി അറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തുവരുകയും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തൻകോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിലും രണ്ട് പോക്സോ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.


Hashtags: #POCSO #KeralaCrime #Molestation #InstagramCrime #KannurNews #ThiruvananthapuramNews #പോക്സോ #കേരളക്രൈം #അറസ്റ്റ് #ഇൻസ്റ്റഗ്രാംപീഡനം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0